SHARE

ഇത്തവണ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടുക ഏതൊക്കെ ടീമുകളായിരിക്കുമെന്ന് പ്രവചിച്ച് മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ. സെമി‌ഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം ഡെയിലി മെയിലിനോട് സംസാരിക്കവെയായിരുന്നു മുൻ ഇംഗ്ലണ്ട് നായകന്റെ പ്രവചനം.

ഇന്ത്യ-ഇംഗ്ലണ്ട് ഫൈനലാണ് ഇത്തവണത്തെ ലോകകപ്പിൽ നാസർ ഹുസൈൻ പ്രവചിക്കുന്നത്. ഇന്ത്യ അതിശക്തരാണെന്നും, സെമിയിൽ അവർക്കെതിരെ പിടിച്ചുനിൽക്കാനുള്ള ബാറ്റിംഗ് മികവ് ന്യൂസിലൻഡിനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇന്ത്യ ബാറ്റ് ചെയ്ത് ഉയർത്തുന്ന സ്കോർ പിന്തുടരാനുള്ള കെൽപ്പ് ഇപ്പോളത്തെ കിവീസ് ബാറ്റിംഗിനില്ലെന്നും, അത് കൊണ്ടു ആദ്യ ഫൈനലിസ്റ്റുകൾ ഇന്ത്യ ആയിരിക്കുമെന്നും ഹുസൈൻ പറയുന്നു.

രണ്ടാം സെമിയിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇംഗ്ലണ്ട് ഫൈനലിൽ എത്തുമെന്നാണ് നാസർ ഹുസൈന്റെ വാക്കുകൾ. ഈ മത്സരം നടക്കുന്ന എഡ്ജ്ബാസ്റ്റൺ, ഇംഗ്ലണ്ടിന് ഏറെ പ്രിയപ്പെട്ട ഗ്രൗണ്ടാണെന്നും, എന്നാൽ ലോർഡ്സിലായിരുന്നു ഈ മത്സരമെങ്കിൽ ഓസീസിന് മുൻ തൂക്കം ലഭിക്കുമായിരുന്നെന്നും അദ്ദേഹം പറയുന്നു. ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ഇംഗ്ലണ്ട് കിരീടം ഉയർത്തുമെന്നും നാസർ ഹുസൈൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.