SHARE

800 വിക്കറ്റുകളോടെ ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്തുള്ള താരമാണ് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന ഏതൊരു ബോളർക്കും സ്വപ്നം കാണാൻ പോലും എളുപ്പമല്ലാത്ത കാര്യങ്ങളിലൊന്നാണ് ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റുകൾ നേടുക എന്നത്. എന്നാൽ ഇപ്പോളിതാ ഇന്ത്യയുടെ സീനിയർ സ്പിന്നറായ രവിചന്ദ്രൻ അശ്വിന് ടെസ്റ്റ് ക്രിക്കറ്റിൽ‌ 800 വിക്കറ്റുകൾ നേടാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടി സാക്ഷാൽ മുരളീധരൻ തന്നെ രംഗത്തെത്തിയിരിക്കുന്നു.

മറ്റ് യുവതാരങ്ങൾക്കൊന്നും ടെസ്റ്റിൽ 800 വിക്കറ്റുകളെന്ന നാഴികക്കല്ലിലെത്താൻ കഴിയുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് പറയുന്ന മുരളീധരൻ, അശ്വിന് അതിനുള്ള മികവുണ്ടെന്നും, എന്നാൽ ഓസ്ട്രേലിയൻ സ്പിന്നറായ നഥാൻ ലിയോൺ ഈ നാഴികക്കല്ലിലെത്താൻ പര്യാപ്തനാണെന്ന് താൻ കരുതുന്നില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു‌.

“അശ്വിൻ ഒരു മഹത്തായ ബോളർ ആയതിനാൽ അദ്ദേഹത്തിന് അവസരമുണ്ട് (800 വിക്കറ്റുകൾ നേടാൻ). മറ്റൊരു യുവ ബോളറും 800 വിക്കറ്റുകളിലേക്ക് എത്തുമെന്ന് ഞാൻ കരുതുന്നില്ല. നഥാൻ ലിയോണും, ഒരു പക്ഷേ അതിലേക്കെത്താൻ പര്യാപ്തനല്ല. അദ്ദേഹം 400 നടുത്ത് (396) വിക്കറ്റുകൾ നേടിയിട്ടുണ്ട്. പക്ഷേ അതിനായി നിരവധി മത്സര‌ങ്ങൾ കളിക്കേണ്ടി വന്നിട്ടുണ്ട്.” സിഡ്നി മോണിംഗ് ഹെറാൾഡിനോട് സംസാരിക്കവെ മുരളീധരൻ വ്യക്തമാക്കി.

അതേ സമയം ടെസ്റ്റിൽ ഇതു വരെ 74 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ അശ്വിൻ, 377 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 27 തവണ അഞ്ച് വിക്കറ്റ് നേട്ടവും, 7 തവണ 10 വിക്കറ്റ് നേട്ടവും ടെസ്റ്റിൽ കൈവരിച്ച താരം നിലവിൽ ഐസിസിയുടെ ടെസ്റ്റ് ബോളിംഗ് റാങ്കിംഗിൽ ഒൻപതാമതാണ്‌.