യുവേഫ നേഷൻസ് ലീഗിന്റെ സെമി ഫൈനൽ പോരാട്ടങ്ങൾക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി. ആദ്യ സെമിയിൽ നെതർലൻഡ്സ് ക്രൊയേഷ്യയേയും രണ്ടാം സെമിയിൽ സ്പെയിൻ ഇറ്റലിയേയും നേരിടും. നെതർലൻഡ്സിലാണ് നേഷൻസ് ലീഗിന്റെ സെമി-ഫൈനൽ പോരാട്ടങ്ങൾ അരങ്ങേറുന്നത്.
നാല് ഗ്രൂപ്പുകളിൽ നിന്ന് ജേതാക്കളായ ടീമുകൾ തമ്മിലാണ് സെമിയിൽ കൊമ്പുകോർക്കുന്നത്. ജൂൺ 14, 15 തിയതികളിലാണ് സെമി ഫൈനൽ മത്സരങ്ങൾ അരങ്ങേറുന്നത്. ജൂൺ 18-നാണ് ഫൈനൽ പോരാട്ടം. അന്നേ ദിവസം തന്നെ ലൂസേഴ്സ് ഫൈനൽ മത്സരവും അരങ്ങേറും.
2018-19 സീസണിലാണ് നേഷൻസ് ലീഗിന്റെ ആദ്യ പതിപ്പ് നടന്നത്. അക്കുറി പോർച്ചുഗലാണ് കിരീടമുയർത്തിയത്. കഴിഞ്ഞ തവണ നടന്ന രണ്ടാം പതിപ്പിൽ കിരീടം ഫ്രാൻസിനായിരുന്നു. ഇക്കുറി സെമിയിലെത്തിയവരിൽ നെതർലൻഡ്സും സ്പെയിനും മുമ്പ് ഫൈനലിൽ തോറ്റവരാണ്. ഇറ്റലി കഴിഞ്ഞ തവണയും ഫൈനലിലെത്തിയിരുന്നു. എന്നാൽ ക്രൊയേഷ്യയുടെ ആദ്യ സെമി പ്രവേശനമാണിത്.