SHARE

യുവപേസർ നവ്ദീപ് സൈനിയെ ഇന്ത്യൻ ടെസ്റ്റ് ടീമിലും ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം മുനാഫ് പട്ടേൽ. വരാനിരിക്കുന്ന ഇന്ത്യയുടെ വിൻഡീസ് പര്യടനത്തെക്കുറിച്ച് ടിവി 9 നോട് സംസാരിക്കവെയായിരുന്നു മുനാഫ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ച വെക്കുന്ന സൈനി ഇത്തവണ ഐപിഎല്ലിൽ ബാംഗ്ലൂരിനായും തിളങ്ങിയിരുന്നു. ഈയടുത്ത് ഇന്ത്യ എ യ്ക്കായും മിന്നും പ്രകടനം കാഴ്ച വെച്ച താരത്തെ വിൻഡീസിനെതിരായ ഏകദിന/ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സെലക്ടർമാർ ഉൾപ്പെടുത്തിയിരുന്നു.

മികച്ച പ്രകടനം കാഴ്ച വെച്ചാണ് സൈനി ഇന്ത്യൻ ടീമിലെത്തിയതെന്ന് പറയുന്ന മുനാഫ് ഇന്ത്യൻ ടെസ്റ്റ് ടീമിലും അദ്ദേഹത്തെ ഉൾപ്പെടുത്തണമെന്ന് അഭിപ്രായപ്പെടുന്നു. മുനാഫിന്റെ വാക്കുകൾ ഇങ്ങനെ, “ഇപ്പോൾ ഇവിടെ 150 കിമി/മണിക്കൂർ വേഗതയിൽ പന്തെറിയുന്ന ഏകതാരമാണ് സൈനി. അദ്ദേഹം ടെസ്റ്റ് ടീമിലും വേണമെന്നാണ് എന്റെ അഭിപ്രായം. അങ്ങനെ അദ്ദേഹം ടീമിനൊപ്പം എല്ലാ മത്സരങ്ങളിലും ഒപ്പമുണ്ടാകട്ടെ.” മുനാഫ് പറഞ്ഞുനിർത്തി.