SHARE

കഴിഞ്ഞ‌ സീസൺ ഐലീഗിൽ ചർച്ചിൽ ബ്രദേഴ്സിന് വേണ്ടി കളിച്ച ഗാംബിയൻ താരം ഡൗഡ സീസായെ ടീമിലെത്തിച്ച് മിനർവ്വ പഞ്ചാബ്. കഴിഞ്ഞ സീസണിൽ ചർച്ചിൽ ബ്രദേഴ്സിന്റെ മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ച വെച്ച സീസായ് അഞ്ച് ഗോളുകൾ നേടിയതിനൊപ്പം, 7 ഗോളുകൾക്ക് വഴിയുമൊരുക്കി. സീസായെ എത്തിക്കുന്നതോടെ വരും സീസണിൽ മിനർവ്വയുടെ മധ്യനിര ശക്തമാകുമെന്നാണ് കരുതപ്പെടുന്നത്.

പോയ സീസൺ ഐ ലീഗിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും ലീഗിൽ എല്ലാ ടീമുകളുടേയും പേടിസ്വപ്നമായിരുന്നു ചർച്ചിൽ, ഇതിന് പ്രധാന കാരണം വില്ലിസ് പ്ലാസയുടേയും, ഡൗഡ സീസായുടേയും തകർപ്പൻ പ്രകടനമായിരുന്നു. വില്ലിസ് പ്ലാസ ഗോളടിയിൽ മികവ് കാട്ടിയപ്പോൾ, മധ്യനിരയിൽ കളി നെയ്യുകയായിരുന്നു സീസായ് ചെയ്ത് കൊണ്ടിരുന്നത്. ഗോളിന് വഴിയൊരുക്കുന്നതിനൊപ്പം ഗോളടിക്കാനും കഴിവുള്ള താരമാണ് സീസായ്. 2009 ലെ അണ്ടർ 17 ലോകകപ്പ് കളിച്ച ഗാംബിയൻ ദേശീയ ടീമിലും സീസായ് കളിച്ചിട്ടുണ്ട്.