SHARE

കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെ പ്രതിഭാധനനായ യുവതാരമാണ് ദീപേന്ദ്ര നേഗി. വിവിധ പ്രായത്തിലുള്ള ഇന്ത്യന്‍ ടീമുകളില്‍ അംഗമായി പിന്നീട് സ്പാനിഷ് ലീഗില്‍ കളിച്ച് തിരിച്ചെത്തിയ നേഗിയുമായി ബ്ലാസ്റ്റേഴ്‌സ് ദീര്‍ഘകാല കരാറിലാണ് കഴിഞ്ഞവര്‍ഷം ഒപ്പുവച്ചത്. തന്റെ കരിയറിലെ ഏറ്റവും വഴിത്തിരിവായ തീരുമാനമെന്നാണ് നേഗി ബ്ലാസ്റ്റേഴ്‌സിലേക്കുള്ള വരവിനെ വിശേഷിപ്പിച്ചത്.

ഗോള്‍ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെയും ആരാധകക്കൂട്ടമായ മഞ്ഞപ്പടയെയും മുക്തകണ്ഠം പ്രശംസിക്കാനും ഈ യുവതാരം മറന്നില്ല. കഴിഞ്ഞ സീസണില്‍ ഡെല്‍ഹി ഡൈനാമോസിനെതിരേയാണ് നേഗി അരങ്ങേറ്റം കുറിച്ചത്. അന്നത്തെ ദിവസത്തെ കുറിച്ച് താരം പറയുന്നതിങ്ങനെ- ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോള്‍ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാന്‍. ചുറ്റിലും വലിയ ആരവം. എല്ലവരും നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. മറക്കാനാകില്ല ആ നിമിഷങ്ങള്‍. ആരാധകര്‍ എനിക്ക് അടുത്ത കൂട്ടുകാര്‍ തന്നെയാണ്.

ബ്ലാസ്റ്റേഴ്‌സ് ടീം ഒരു കുടുംബം പോലെയാണെന്ന് നേഗി പറയുന്നു. കറേജ് പെര്‍ക്കൂസണ്‍ എന്നെ ഒത്തിരി സഹായിച്ചു. അന്ന് ആദ്യ കളിയില്‍ പെര്‍ക്കൂസണ്‍ പറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു- നേഗി, നിനക്ക് എന്തെങ്കിലും തെറ്റുപറ്റിയാല്‍ ടെന്‍ഷന്‍ അടിക്കേണ്ട. ഞാന്‍ അത് കവര്‍ ചെയ്‌തോളാം. അന്ന് പെര്‍ക്കൂസണ്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും മനസില്‍ നില്ക്കുന്നുവെന്നും നേഗി പറയുന്നു.