SHARE

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഭാഗ്യതാരം ദീപേന്ദ്ര നേഗിക്ക് പരുക്ക്. സീസണിൻ്റെ തുടക്കം മുതൽ പരുക്ക് മൂലം വലയുന്ന കേരള ബ്ലാസ്റ്റേഴ്സ് അടുത്തിടെ ടീമിലെത്തിച്ചതായിരുന്നു ദീപേന്ദ്ര നേഗിയെ. ഡെൽഹിക്കെതിരെ നടന്ന മത്സരത്തിൻ്റെ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയ നേഗി ആദ്യ ടച്ചിൽ തന്നെ ഗോൾ നേടുകയും ചെയ്തു. രണ്ടാമത്തെ ഗോൾ ലഭിക്കാനിടയായ പെനാൽട്ടിക്ക് വഴിയൊരുക്കിയതും നേഗിയുടെ മുന്നേറ്റമായിരുന്നു.

ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ നേഗി തന്നെയാണ് പരുക്കേറ്റ കാലിൻ്റെ ചിത്രം പുറത്തു വിട്ടത്. എന്നാൽ നേഗിക്ക് എപ്പോഴാണ് പരുക്കേറ്റതെന്ന കാര്യം വ്യക്തമല്ല. പൂനെയ്ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ പകരക്കാരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നുവങ്കിലും നേഗി കളിക്കാനിറങ്ങിയിരുന്നില്ല. എന്തായാലും ഗുരുതരമായ പരുക്കല്ല, താരത്തിന് എന്ന സൂചനയാണ് ലഭിക്കുന്നത്.

നേരത്തെ മോശം പ്രകടനങ്ങളെ തുടർന്ന് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച കെസിറോൺ കിസീറ്റോ പരുക്കേറ്റ് ടീമിൽ മടങ്ങിയിരുന്നു. നേരത്തെ മലയാളി താരങ്ങളായ വിനീതിനെയും റിനോ ആൻ്റോയെയും ടൂർണ്ണമെൻ്റിൽ പരുക്ക് വലച്ചിരുന്നു. വിനീത് പരുക്ക് മാറി തിരിച്ചെത്തിയെങ്കിലും റിനോ ഇതുവരെ ടീമിലെത്തിയിട്ടില്ല. സൂപ്പർതാരം ബെർബറ്റോവിനെയും സീസണിൽ പരുക്ക് പിടികൂടി.

കൊൽക്കത്തയ്ക്കെതിരെ 8നാണ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം. 14 മത്സരങ്ങളിൽ നിന്ന് 20 പോയൻ്റുമായി ആറാമതുള്ള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള കളികളെല്ലാം നിർണ്ണായകമാണ്.