SHARE

താൻ കേരളാ ബ്ലാസ്റ്റേഴ്സിനേയും ഇവിടെയുള്ള ആൾക്കാരെയും വളരെയധികം ഇഷ്ടപ്പെടുന്നുണ്ടെന്നും, ഒൻപതാം സ്ഥാനത്തേക്കാളും മുകളിൽ അവർ സീസണിൽ ഫിനിഷ് ചെയ്യേണ്ടതായിരുന്നെന്നും കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ നെലോ വിംഗാഡ. കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കൊച്ചിയിൽ നടന്ന മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള കരാർ നീട്ടുമോ എന്ന കാര്യത്തിൽ ഇതേ വരെ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ വിംഗാഡ, കേരളാ ബ്ലാസ്റ്റേഴ്സ് കുറച്ച് കൂടി മെച്ചപ്പെട്ട സ്ഥാനത്ത് സീസൺ അവസാനിപ്പിക്കേണ്ടിയിരുന്ന ടീമാണെന്നും കൂട്ടിച്ചേർത്തു. സീസൺ അവസാനിച്ചിട്ടില്ലെന്നും സൂപ്പർ കപ്പ് വരാനിരിക്കുന്നുണ്ടെന്നും ഓർമ്മിപ്പിച്ച വിംഗാഡ, ബ്ലാസ്റ്റേഴ്സ് ടീമിലെല്ലാവരും കഠിനാധ്വാനികളാണെന്നും പറയുന്നു.

ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കാണാൻ ആരാധകർ സ്റ്റേഡിയത്തിലെത്താത്തതിൽ താൻ നിരാശനാണെന്ന് വിംഗാഡ തുറന്ന് പറയുന്നു ആരാധകർ ക്ലബ്ബിനെ സ്നേഹിക്കുന്നുണ്ടെന്നും എന്നാൽ സമയം കളയാനില്ലാത്തത് കൊണ്ടാവും അവർ സ്റ്റേഡിയത്തിലേക്കെത്താത്തത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇത് മറികടക്കാ‌ൻ ഒരു വഴിയേ ഉള്ളൂവെന്നും, അത് മത്സരങ്ങൾ ജയിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞുനിർത്തി‌.