SHARE

ഐസിസിയുടെ ഏകദിനറാങ്കിംഗിൽ നാല് ടീമുകൾകൂടി ഇടം പിടിച്ചു. നിലവിലുള്ള പന്ത്രണ്ട് ടീമുകൾക്കൊപ്പം നേപ്പാൾ, നെതർലൻഡ്സ്, സ്കോട്ലൻഡ്, യു.എ.ഇ എന്നിവർക്കാണ് പുതുതായി സ്ഥാനം ലഭിച്ചത്. ഇതോടെ മൊത്തം പതിനാറ് ടീമുകളെ അടിസ്ഥാനമാക്കിയായിരിക്കും ഐസിസി ഇനി മുതൽ ഏകദിന റാങ്കിംഗ് പട്ടിക പുറത്തിറങ്ങുക.

കഴിഞ്ഞ വർഷം ഐസിസിയുടെ ലോക ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പ് ജേതാക്കാളായതാണ് നെതർലൻഡ്സിന് ഐസിസിയുടെ ഏകദിന പദവി സമ്മാനിച്ചത്. ഈ വർഷം നടന്ന ഐസിസി ലോക ക്രിക്കറ്റ് ക്വാളിഫയർ മത്സരങ്ങളിൽ അസോസിയേറ്റ് രാജ്യങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയത് വഴി സ്കോട്ലൻഡ് നേപ്പാൾ, യു.എ.ഇ തുടങ്ങിയ ടീമുകൾക്കും ഏകദിന പദവി ലഭിച്ചു.

നിലവിൽ 28 പോയിന്റുള്ള സ്കോട്ലൻഡ് റാങ്കിംഗിൽ പതിമൂന്നാമതും, 18 പോയിന്റുകളുള്ള യു.എ.ഇ പതിനാലാമതുമാണ്. നാല് ഏകദിനങ്ങൾ കളിച്ചതിന് ശേഷമേ നേപ്പാളിനും, നെതർലൻഡിനും റാങ്കിംഗ് ലഭിക്കൂ. അതേ സമയം ഇംഗ്ലണ്ടാണ് ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യ രണ്ടാമതും, ദക്ഷിണാഫ്രിക്ക മൂന്നാമതുമുണ്ട്.