SHARE

റണ്ണൊന്നും വിട്ടുകൊടുക്കാതെ ആറ് വിക്കറ്റുകൾ വീഴ്ത്തി ടി20 ക്രിക്കറ്റിൽ പുതുചരിത്രം കുറിച്ച് നേപ്പാൾ വനിതാ ക്രിക്കറ്റർ. ഇന്ന് മാൽദീവ്സിനെതിരെ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിലായിരുന്നു നേപ്പാൾ താരം അഞ്ജലി ചന്ദിന്റെ അത്ഭുത ബോളിംഗ് പ്രകടനം. അഞ്ജലി ചന്ദിന്റെ ബോളിംഗ് കരുത്തിന് മുന്നിൽ തകർന്നടിഞ്ഞ മാൽദീവ്സാകട്ടെ മത്സരത്തിൽ 16 റൺസിന് ഓളൗട്ടാവുകയും ചെയ്തു.

ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 യിലെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനത്തിന്റെ റെക്കോർഡും അഞ്ജലിക്ക് സ്വന്തമായി. മാൽദീവ്സിന്റെ വനിതാ താരം മാസ് എലിസ ഈ വർഷമാദ്യം ചൈനക്കെതിരെ 3 റൺസ് വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തിയ പ്രകടനമായിരുന്നു ഇത്രയും നാൾ ഈ റെക്കോർഡിൽ ഒന്നാമത്. അതാണ് ഇന്ന് അഞ്ജലി പഴങ്കഥയാക്കിയത്.

ഇന്ന് റെക്കോർഡ് പിറന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മാൽദീവ്സിനെതിരെ ബോൾ ചെയ്യാനെത്തിയ അഞ്ജലി തന്റെ ആദ്യ ഓവറിൽ മൂന്ന് വിക്കറ്റുകളും, രണ്ടാം ഓവറിൽ രണ്ട് വിക്കറ്റുകളും, മൂന്നാം ഓവറിൽ ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്. മത്സരത്തിൽ 16 റൺസിന് പുറത്തായ മാൽദീവ്സിനെതിരെ വെറും അഞ്ച് പന്തുകളിൽ നേപ്പാൾ വിജയവും കണ്ടു.