SHARE

ഐഎസ്എല്ലിലെ പുതിയ ടീമായ ഹൈദരാബാദ് കൂടുതല്‍ താരങ്ങളെ ടീമിലെത്തിച്ച് തുടങ്ങി. കഴിഞ്ഞ സീസണുകളില്‍ ചെന്നൈ സിറ്റിക്കായി കളിച്ച സ്പാനിഷ് മിഡ്ഫീല്‍ഡര്‍ നെസ്റ്റര്‍ ഗോര്‍ഡില്ലോയാണ് ഹൈദരാബാദിന്റെ ഏറ്റവും അവസാനം ടീമിലെത്തിയ താരം. ഐലീഗില്‍ ചെന്നൈ സിറ്റിയെ കിരീടം ചൂടിച്ചതില്‍ ഈ താരത്തിന്റെ സംഭാവന വളരെ വലുതായിരുന്നു.

ട്രാന്‍സ്ഫര്‍ നിയമങ്ങള്‍ ലംഘിച്ചതിന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നെസ്റ്ററിന് നാലുമാസ വിലക്കും 50,000 രൂപ പിഴയും വിധിച്ചിരുന്നു. നെസ്റ്റര്‍ക്ക് ഹൈദരാബാദിനായി ആദ്യ മത്സരം കളിക്കണമെങ്കില്‍ ഡിസംബര്‍ പകുതി വരെ കാത്തിരിക്കണമെന്ന് അര്‍ത്ഥം. ഇത് തിരിച്ചടിയാകുമെങ്കിലും ഹൈദരാബാദിനെ സംബന്ധിച്ചിടത്തോളം മികച്ചൊരു സൈനിംഗാണിത്.

കഴിഞ്ഞ സീസണില്‍ 19 മത്സരങ്ങളില്‍ എട്ടുതവണ എതിര്‍വല കുലുക്കിയ നെസ്റ്റര്‍ അത്രയും തന്നെ അസിസ്റ്റുകളും നടത്തി. അത്‌ലറ്റിക്കോ മാഡ്രിഡ് ബി ടീം, യുഡി കോര്‍ണേല തുടങ്ങിയ സ്പാനിഷ് ടീമുകള്‍ക്കു വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട് താരം.