SHARE

പതിനാല് വർഷം, ഏതാണ്ട് ഒന്നര പതിറ്റാണ്ട്. ഒരു നെതർലൻഡ് ക്ലബ് ചാമ്പ്യൻസ് ലീ​ഗിന്റെ അവസാന നാലിൽ ഇടം പിടിക്കാനായുള്ള അന്നാട്ടുകാരടെ കാത്തിരിപ്പിന്റെ ദൈർഘ്യമായിരുന്നു ഇത്. 2004-05 സീസണിൽ പി.എസ്.വി ഏന്തോവൻ യൂറോപ്യൻ പോരാട്ടത്തിൽ സെമി കടന്ന ശേഷം പിന്നെ ഇപ്പോൾ അയാക്സാണ് ഡച്ചുകാരുടെ കാത്തിരിപ്പിന് വിരാമമിട്ടത്.

അയാക്സെന്ന ക്ലബിന്റെ പോരാട്ടവീര്യത്തേയും ഇച്ഛാശക്തിയേയും വാനോളം പുകഴ്ത്തുന്നിനൊപ്പം ഇത് നെതർലൻഡ്സിന്റെ തന്നെ ഒരു തിരിച്ചുവരവായി തന്നെ കണക്കാക്കണം. കാരണം ഏറെ നാളുകൾക്ക് ശേഷമാണ് ഡച്ച് ക്ലബുകളും ഡച്ച് ദേശീയ ടീമും ലോകഫുട്ബോളിൽ ഒരുപോലെ തിളങ്ങുന്നത്. ചാമ്പ്യൻസ് ലീ​ഗിൽ അയാക്സ് സെമിയിലെത്തിയപ്പോൾ യുവേഫ നേഷൻസ് ലീ​ഗിൽ നെതർലൻഡും സെമിയിൽ പ്രവേശിച്ചകഴിഞ്ഞു. അതും ലോകചാമ്പ്യന്മാരായ ഫ്രാൻസിനേയും മുൻ ചാമ്പ്യന്മാരായ ജർമനിയേയും മറികടന്ന്

ക്ലബിനായും ദേശീയ ടീമിനായും ഒരുപോലെ തിളങ്ങുന്ന ഒരു പറ്റം കളിക്കാരാണ് ഇന്ന് നെതർലൻഡ്സിന്റെ മികവ്. അയാക്സിന്റെ പത്തൊമ്പതുകാരൻ ക്യാപ്റ്റൻ മത്യസ് ഡി ലിറ്റ്, ലിവർപൂൾ സൂപ്പർ സെന്റർ ബാക്കും ദേശീയ ടീം നായകനുമായ വിർജിൽ വാൻ ഡൈക്ക്, മധ്യനിര ഭരിക്കുന്ന ഫ്രാങ്കി ഡി ജോങ്, മുന്നേറ്റ നിരക്കാൻ ലൂക്ക് ഡി ജോങ് തുടങ്ങിയവരാണ് മുൻനിര താരങ്ങൾ

യൂറോപ്പിലെ തന്നെ വിവിധ ക്ലബുകളിൽ കളിക്കുന്ന നതാൻ അകെ, പാട്രിക്ക് വാൻ ആൻഹോൾട്ട്, മംഫിസ് ഡിപെ, ​ഗോളി ജാസ്പർ സില്ലെസൻ തുടങ്ങിയവരും ഇന്ന് ഡച്ച് ടീമിന്റെ കരുത്താണ്. 2010 ലോകകപ്പിൽ ഫൈനലിലും 2014-ൽ സെമിയിലുമെത്തിയ ഡച്ച് ടീം 2018-ൽ യോ​ഗ്യത പോലും നേടിയിരുന്നില്ല. എന്നാൽ പുതിയ തലമുറ ടീം ഏറ്റെടുത്തതോടെ ഇപ്പോൾ യൂറോപ്പിൽ അലയടിക്കുന്ന ഓറഞ്ച് വിപ്ലവും തുടരാനാകുമെന്നാണ് ആരാധക പ്രതീക്ഷ