SHARE

യുവന്റസിനൊപ്പമുള്ള സെരി എ അരങ്ങേറ്റം ഡച്ച് കൗമാരതാരം മത്യസ് ഡി ലിറ്റ് ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒന്നാണ്. മത്സരം യുവന്റസ് ജയിച്ചെങ്കിലും ഡി ലിറ്റിന്റെ പിഴവുകൾ വലിയ വിമർശനമേറ്റുവാങ്ങി. എന്നാൽ ഇതിനിടയിൽ താരത്തിന് പിന്തുണയുമായെത്തിയിരിക്കുകയാണ് നെതർലൻഡ്സ് ദേശീയ ടീം പരിശീലകൻ റൊണാൾഡ് കോമാൻ

ബാഴ്സലോണക്കായി ആദ്യ മത്സരം കളിക്കുമ്പോൾ താൻ തോൽവി ഏറ്റുവാങ്ങിയിരുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോമാൻ ഡി ലിറ്റിന് പിന്തുണയുമായെത്തിയത്. ഡി ലിറ്റിന് പ്രതീക്ഷിച്ചതുപോലെ നന്നായി കളിക്കാനായില്ല, മാത്രവുമല്ല ഇതിനുമുമ്പ് നടന്ന മത്സരത്തിൽ ഡി ലിറ്റ് പകരക്കാരനായാണ് ഇറങ്ങിയത്. ഇക്കുറി ചില്ല്യേനിക്ക് പരിക്കേറ്റതിനാലാണ് ഡി ലിറ്റിന് അവസരം ലഭിച്ചത്. പുതിയ ക്ലബിന്റെ കളിരീതികളോട് ഒത്തുപോകാൻ ഡി ലിറ്റ് ബുദ്ധിമുട്ടുന്നു. ബാഴ്സലോണയ്ക്കൊപ്പമുള്ള എന്റെ ആദ്യ മത്സരത്തിൽ ടീം തോറ്റു. ഇതോടെ അന്ന് എനിക്ക് നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു, എന്നാൽ പിന്നീട് നടന്നത് ചരിത്രം, കോമാൻ പറഞ്ഞു

മത്സരത്തിൽ ഡി ലിറ്റിനെ കളിപ്പിച്ച പൊസിഷനെക്കുറിച്ചും കോമാൻ വിമർശനമുന്നയിച്ചു. അനുഭവസമ്പത്ത് ഒട്ടേറെയുള്ള ലിയനാർഡോ ബനൂച്ചിയുണ്ടായിട്ടും ഡി ലിറ്റിനെ സെൻട്രൽ ഡിഫൻസിലെ ഇടതുഭാ​ഗത്ത് കളിപ്പിച്ചത് പിഴവാണെന്നാണ് കോമാൻ പറയുന്നത്. ആദ്യ മത്സരത്തിൽ ഡി ലിറ്റ് പകരക്കാരനായപ്പോൾ, ഈ അവസ്ഥ തുടർന്നാൽ ദേശീയ ടീമിലും ഡി ലിറ്റിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടാക്കാമെന്ന് നേരത്തെ കോമാൻ പറഞ്ഞത് ചർച്ചയായിരുന്നു