SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒരു വിദേശ സൈനിങ് കൂടി പ്രഖ്യാപിച്ചു. ഓസ്ട്രിയൻ താരം മാർക്കോ സഹാനെക്കാണ് ടീമിനൊപ്പം ചേരുന്നത്. സീസണിൽ ഇതിനകം മൂന്ന് വിദേശതാരങ്ങൾ നോർത്ത് ഈസ്റ്റ് വിട്ടുപോയിരുന്നു. ഇവർക്ക് പകരക്കാരായി കൊണ്ടുവന്നവരിലൊരാളാണ് സഹാനെക്ക്. ഐഎസ്എല്ലിലെ സൂപ്പർതാരം മാഴ്സെലീന്യോയേയും നോർത്ത് ഈസ്റ്റ് നേരത്തെ ഒപ്പം കൂട്ടിയിരുന്നു.

ഓസ്ട്രിയൻ അറ്റാക്കിങ് മിഡ്ഫീൽഡറായ സഹാനെക്ക് കരിറിലെ ഭൂരിഭാ​ഗം കാലവും സ്വന്തം നാട്ടിലെ രണ്ടാം ഡിവിഷനിലാണ് കളിച്ചത്. ഓസ്ട്രിയൻ ക്ലബ് ഫ്ലോറിസ്ഷോഫറിനൊപ്പമുള്ള കാലമായിരുന്നു സഹാനെക്കിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയം. ക്ലബിനായി 101 മത്സരങ്ങൾ കളിച്ച താരം 29 ​ഗോൾ നേടി. 32 ​ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഓസ്ട്രിയക്ക് പുറമെ മാൾട്ട, തായ്ലൻഡ് എന്നീ രാജ്യങ്ങളിലും സഹാനെക്ക് ക്ലബ് ഫുട്ബോൾ കളിച്ചു.

തായ്ലൻഡ് ക്ലബ് നാഖോൺ രച്ചസിമയ്ക്ക് വേണ്ടിയാണ് സഹാനെക്ക് ഒടുവിൽ കളിച്ചത്. ഡിസംബറിൽ അവരുമായുള്ള കരാർ റദ്ദാക്കിയ താരമാണിപ്പോൾ ഇന്ത്യയിലേക്ക് വിമാനം കയറിയത്. പരുക്കേറ്റ ഫെഡെറിക്കോ ​ഗായേ​ഗോ, ആഫ്രിക്കൻ നേഷൻസ് കപ്പ് കളിക്കാൻ പോയി ഖാസാ കമാറ, മാർട്ടിനെക്വു ഫോർവേഡ് മത്യാസ് കൊറീയൂർ എന്നിവരാണ് നോർത്ത് ഈസ്റ്റ് വിട്ട വിദേശതാരങ്ങൾ.