SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിൽ ഇസ്രയേൽ പരിശീലകൻ മാർക്കോ ബാൽബുളിന് കീഴിലാണ് നോർത്ത് ഈസ്റ്റ് കളത്തിലിറങ്ങുക. ഇന്നലെയാണ് ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനമെത്തിയത്. ഇതിനുപിന്നാലെയിപ്പോൾ മറ്റൊരു പ്രഖ്യാപനം കൂടി നോർത്ത് ഈസ്റ്റ് നടത്തിയിരിക്കുകയാണ്.

ക്ലബ് സഹപരിശീലകനായി പോൾ ​ഗ്രോവ്സ് എത്തുമെന്നാണ് നോർത്ത് ഈസ്റ്റ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 56-കാരനായ ​ഗ്രോവ്സ് ഇം​ഗ്ലണ്ടിൽ നിന്നുള്ള പരിശീലകനാണ്. ഇം​ഗ്ലീഷ് ഫുട്ബോളിൽ വലിയ പരിചയസമ്പത്തുമായാണ് ​ഗ്രോവ്സ് നോർത്ത് ഈസ്റ്റിന്റെ ഭാ​ഗാമാകുന്നത്. ഇം​ഗ്ലണ്ടിലെ പ്രധാന ക്ലബായ ബേൺമത്തിന്റെ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട് ​​ഗ്രോവ്സ്. ഇം​ഗ്ലീഷ് ക്ലബുകളായ പോർട്സ്മത്ത്, വെസ്റ്റ് ഹാം തുടങ്ങിയവരുടെ പരിശീലകസംഘത്തിലും ​ഗ്രോവ്സുണ്ടായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീ​ഗിലും ​ഗ്രോവ്സിന് പരിചയസമ്പത്തുണ്ട്. ചെന്നൈയിൻ എഫ്സിയിൽ ജോൺ ​ഗ്രി​ഗറിക്കൊപ്പം സഹപ്രവർത്തകനായി ​ഗ്രോവ്സ് പ്രവർത്തിച്ചിട്ടുണ്ട്. ഇസ്രയേൽ ക്ലബ് മക്കാബി ഹൈഫയിലും ​ഗ്രോവ്സ് പ്രവർത്തിച്ചിട്ടുണ്ട്. അവിടെ ബാൽബുളിനൊപ്പമാണ് ​ഗ്രോവ്സ് പ്രവർത്തിച്ചത്. ഈ കൂട്ടുകെട്ടാണിപ്പോൾ നോർത്ത് ഈസ്റ്റിൽ ആവർത്തിക്കുന്നത്.