ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം ഘട്ടത്തിൽ സർവ ഊർജവുമെടുത്ത് കുതിച്ചുപായാനൊരുങ്ങി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇതിന്റെ ഭാഗമായി ക്ലബിൽ ശേഷിച്ചിരുന്ന അവസാന വിദേശസൈനിങ്ങും അവർ പ്രഖ്യാപിച്ചു. ഫ്രഞ്ച് പ്രതിരോധതാരം സക്കറിയ ഡിയാല്ലോയാണ് ഖാലിദ് ജമീൽ പരിശീലിപ്പിക്കുന്ന ടീമിന്റെ ഭാഗമാകുന്നത്.
35-കാരനായ ഡിയാല്ലെ സെന്റർ ബാക്കാണ്. എന്നാൽ ആവശ്യഘട്ടങ്ങളിൽ സെൻട്രൽ മിഡ്ഫീൽഡറായി കളിപ്പിക്കാൻ കഴിയുന്ന താരമാണ് ഡിയാല്ലോ. ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ ക്ലബ് ഫുട്ബോൾ കളിച്ച ഡിയാല്ലോ, ആർസി ലെൻസ്, മോൺട്രിയാൽ ഇംപാക്ട് തുടങ്ങിയ പ്രധാന ടീമുകളുടേയും ജേഴ്സി അണിഞ്ഞിട്ടുണ്ട്. കുവൈറ്റ് ക്ലബ് അൽ ഷബാബിനായാണ് ഒടുവിൽ കളിച്ചത്.
പരുക്കേറ്റ യുറുഗ്വെ സൂപ്പർതാരം ഫെഡെറിക്കോ ഗായെഗോ, ആഫ്രിക്കൻ നേഷൻസ് കപ്പിൽ പങ്കെടുക്കാൻ പോയ മൗറിറ്റാനിയ താരം ഖാസാ കമാറ, മാർട്ടിനെക്വു ഫോർവേഡ് മത്യാസ് കൊറീയൂർ എന്നിവരാണ് സീസണിനിടെ നോർത്ത് ഈസ്റ്റ് വിട്ടത്. ഇവർക്ക് പകരമായി ഡിയാല്ലോയ്ക്ക് പുറമെ മാഴ്സെലീന്യോ, മാർക്കോ സഹാനെക്ക് എന്നിവരെയാണ് നോർത്ത് ഈസ്റ്റ് സ്വന്തമാക്കിയത്.