SHARE

ഐഎസ്എല്‍ ഏഴാം സീസണിലെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില. ആദ്യപകുതിയില്‍ രണ്ടു ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്‌റ്റേഴ്‌സിനെ രണ്ടാം പകുതിയിലെ രണ്ടു ഗോള്‍ നേട്ടത്തോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സമനിലയില്‍ പിടിക്കുകയായിരുന്നു. സമനിലയോടെ സീസണിലെ ആദ്യ പോയിന്റ് നേടി ബ്ലാസ്റ്റേഴ്സ്. ​സിഡോയും ​ഗാരി ഹൂപ്പറും ബ്ലാസ്റ്റേഴ്സിനായി ​ഗോൾ നേടി. നോർത്ത് ഈസ്റ്റിന്റെ ​ഗോൾ ക്വെസി ആപ്പിയയും ഇദ്രസ സില്യയും നേടി.

വിടപറഞ്ഞ ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് മത്സരം തുടങ്ങിയത്. കളിയുടെ തുടക്കത്തിലേ ആക്രമിച്ച ബ്ലാസ്റ്റേഴ്സ് അഞ്ചാം മിനിറ്റിൽ, സ്വപ്‌ന തുല്യമായ ലീഡെടുത്തു. ബോക്‌സിനടുത്ത് നിന്ന് കിട്ടിയ ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. സെയ്ത്യസെന്‍ സിങിന്റെ കിക്ക് കൃത്യമായി ബോക്‌സിനകത്ത് നിന്ന സെര്‍ജിയോ സിഡോഞ്ചയിലേക്ക്. നായകന്‍ ഒരു പിഴവും വരുത്താതെ ഹെഡറിലൂടെ പന്ത് കൃത്യം വലയിലാക്കി.

തുടർന്ന് തുടർച്ചയായ ആക്രമണങ്ങൾ ബ്ലാസ്റ്റേഴ്സിൽ നിന്നുണ്ടായി. 24ാം മിനുറ്റില്‍ മികച്ച ഒരു അവസരം ബ്ലാസ്‌റ്റേഴ്‌സിന് നഷ്ടമായി. ഒറ്റയ്ക്ക് പന്തുമായി കുതിച്ച ഹൂപ്പര്‍ ബോക്‌സിനകത്ത് സിഡോഞ്ചയ്ക്ക് പന്ത് മറിച്ചു. സിഡോഞ്ചയുടെ ക്രോസ് സ്വീകരിച്ച ഹൂപ്പറിന് മുന്നില്‍ ഗോളി മാത്രമായിരുന്നു. പക്ഷേ ആറടി അകലെ നിന്ന് തൊടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളില്‍ പറന്നു.

മത്സരം ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ബ്ലാസ്റ്റേഴ്സി ലീ‍ഡുയർത്തി. സെയ്ത്യാസെൻ സിങിന്റെ കോര്‍ണര്‍ കിക്കിൽ പന്ത് കണക്ട് ചെയ്യാനുള്ള ശ്രമത്തിനിടെ പിറകില്‍ നിന്ന് രാകേഷ് പ്രധാന്‍, ലാല്‍താതാംഗ ഖാല്‍റിങിനെ വീഴ്ത്തിയതിന് റഫറി ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായ പെനാല്‍റ്റി വിധിച്ചു. അനായാസമായിരുന്നു ഹൂപ്പറിന്റെ കിക്ക്. പന്ത് കൃത്യം വലയുടെ മധ്യത്തില്‍ പതിച്ചു.

രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോള്‍ വഴങ്ങി. തുടര്‍ച്ചയായ രണ്ടു കോര്‍ണറുകള്‍ക്കൊടുവിലാണ് നോര്‍ത്ത് ഈസ്റ്റ് ലക്ഷ്യം കണ്ടത്. അമ്പതാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളിലെ ആശയകുഴപ്പം മുതലെടുത്ത് ക്വേസി അപിയ ആണ് ഗോള്‍ നേടിയത്. തുടർന്ന് സമനില​ ​ഗോളിനായുള്ള നോർത്ത് ഈസ്റ്റിന്റെ തീവ്രശ്രമങ്ങളായിരുന്നു. ഇതിനിടെ നോർത്ത് ഈസ്റ്റിന് അനുകൂലമായി പെനാൽറ്റിയും ലഭിച്ചു. എന്നാൽ ആപ്പിയയെടുത്ത കിക്ക് ക്രോസ്ബാറിൽ തട്ടി പുറത്തേക്ക്.

ഇതിലും തളരാതെ നോർത്ത് ഈസ്റ്റ് തുടർച്ചയായി മുന്നേറിക്കൊണ്ടിരുന്നു. ഇതിന് ഫലം കണ്ടത് 89-ാം മിനിറ്റിൽ . ​ഗുർജിന്ദർ സിങ് നൽകിയ ലോങ് ബോൾ നെഞ്ചിൽ നിയന്ത്രിച്ച് കിടിലനൊരു ഷോട്ടിലൂടെ സില്യ ബ്ലാസ്റ്റേഴ്സ് ​ഗോൾവലയിലേക്ക്. ​ഗോളി അൽബിനോ ​ഗോമസിന് നോക്കിനിൽക്കാനെ സാധിച്ചുള്ളു. ഇതോടെ വിജയത്തോളം പോന്ന സമനിലയുമായി നോർത്ത് ഈസ്റ്റ് താരങ്ങൾ സന്തോഷത്തോടെ മടങ്ങി. ബ്ലാസ്റ്റേഴ്സാകട്ടെ കൈയ്യിൽ കിട്ടിയ മത്സരം പാഴാക്കിയ നിരാശയിലും.