SHARE

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ക്യാപ്റ്റന്മാരിലൊരാളും സൂപ്പർതാരുമായി ഖാസാ കമാറയുടെ കരാർ റദ്ദാക്കി. മൗറിറ്റാനിയ താരമായ കമാറ ആഫ്രിക്കൻ നേഷൻസ് കപ്പ് കളിക്കാനായി ഇപ്പോൾ ദേശീയ ടീമിനൊപ്പമണ്. ഈ സാഹചര്യത്തിലാണ് താരത്തിന്റെ കരാർ റദ്ദാക്കുന്നത്. ഇതോടെ ഈ സീസണിലിനി നോർത്ത് ഈസ്റ്റിനായി കമാറ കളിക്കില്ല.

പരുക്കേറ്റ ഫെഡെറിക്കോ ​ഗായേ​ഗോ സീസൺ തുടക്കത്തിൽ തന്നെ നോർത്ത് ഈസ്റ്റ് വിട്ടിരുന്നു. ഇതിനപുറമെ മുന്നേറ്റതാരം മത്യാസ് കോറീയൂറും ക്ലബ് വിട്ടു. ഈ രണ്ട് താരങ്ങൾക്കും പകരക്കാർ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ദേശീയ ടീമിനൊപ്പം ചേർന്ന കമാറ ആ ദൗത്യത്തിന് ശേഷം നോർത്ത് ഈസ്റ്റിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു സൂചനകൾ. എന്നാൽ പ്രധാനപ്പെട്ട പല മത്സരങ്ങളിലും താരത്തിന്റെ സേവനം ലഭിക്കാതിരിക്കുകയും ഒപ്പം കോവി‍ഡ് വ്യാപനം ശക്തമായതോടെ ഇന്ത്യയിൽ ക്വാറന്റീൻ ചട്ടങ്ങൾ പുതുക്കാനുള്ള സാധ്യത കൂടി പരി​ഗണിച്ചാണ് കമാറുടെ കരാർ റദ്ദാക്കാൻ തീരുമാനം.

നോർത്ത് ഈസ്റ്റ് കമാറയുടെ കരാർ റദ്ദാക്കുമെന്ന് ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ട്വീറ്റ് ചെയ്തത്. കമാറയുടെ പകരക്കാരൻ ഇതിനകം ​ഗോവയിലെത്തിയെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഫ്രഞ്ച്-സെന​ഗലീസ് സെന്റർ ബാക്ക് സക്കറിയ ഡിയാല്ലോയാണ് കമാറയുടെ പകരക്കാരൻ എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.