SHARE

ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ ഫൈനൽ മത്സരമായിരുന്നു ഇത്തവണ ലോർഡ്സിൽ നടന്നത്. സൂപ്പർ ഓവറും ടൈയിൽ കലാശിച്ച ഈ മത്സരത്തിൽ വിജയികളെ കണ്ടെത്തിയത് ബൗണ്ടറിക്കണക്ക് നോക്കിയായിരുന്നു. നേരത്തെ നിശ്ചിത ഓവർ മത്സരത്തിന്റെ അവസാന ഓവറിൽ ന്യൂസിലൻഡിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച ഓവർ ത്രോ ബൗണ്ടറിയായിരുന്നു കളി മാറ്റി മറിച്ചത്. ഗപ്തിൽ എറിഞ്ഞ ത്രോ ബെൻ സ്റ്റോക്ക്സിന്റെ ബാറ്റിൽ തട്ടിയായിരുന്നു‌ ബൗണ്ടറിയിലെത്തിയത്. 6 റണ്ണുകളായിരുന്നു ഇതോടെ ഒറ്റയടിക്ക് ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലെത്തിയത്. ഇത് കളി തിരിച്ചു.

എതിർ ടീം ഫീൽഡർ എറിഞ്ഞ ത്രോ തന്റെ ബാറ്റിൽത്തട്ടി ബൗണ്ടറി‌ കടന്നപ്പോൾ ഞെട്ടിത്തരിച്ച സ്റ്റോക്ക്സ്, എതിർ ടീമിനോട് മാപ്പ് ‌ചോദിക്കുന്നത് എല്ലാവരും കണ്ടിരുന്നു. തന്റെ ബാറ്റിൽത്തട്ടി ലഭിച്ച ആ ഓവർ ത്രോ ബൗണ്ടറി വേണ്ടെന്ന് സ്റ്റോക്ക്സ് കളിക്കിടെ അമ്പയറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മത്സരശേഷം ഇംഗ്ലണ്ട് സൂപ്പർ താരം ജെയിംസ് ആൻഡേഴ്സൺ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോളിതാ ഇങ്ങനെയൊരു കാര്യം നടന്നിട്ടില്ലെന്ന് സ്റ്റോക്ക്സ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.

ഓവർ ത്രോ ബൗണ്ടറി സംഭവിച്ച സമയത്ത് താൻ അമ്പയർക്ക് അരികിലെത്തി ആ റണ്ണുകൾ വേണ്ടെന്ന് പറഞ്ഞിരുന്നില്ലെന്നാണ് ഇപ്പോൾ സ്റ്റോക്ക്സ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അമ്പയറോട് അങ്ങനെ പറഞ്ഞില്ലെങ്കിലും ഈ‌ സംഭവം നടന്നയുടനേ താൻ കെയിൻ വില്ല്യംസണോടും, ടോം ലാഥമിനോടും മാപ്പ് ചോദിച്ചിരുന്നെന്ന് സ്റ്റോക്ക്സ് തുറന്ന് സമ്മതിച്ചു. “ഓവർ ത്രോ ബൗണ്ടറി‌ പോയ സമയത്ത് അമ്പയർക്കരികിലെത്തി ആ റണ്ണുകൾ വേണ്ടെന്ന് താൻ പറഞ്ഞില്ല, മറിച്ച് ടോം ലാഥമിനോടും, കിവീസ് നായകൻ കെയിൻ വില്ല്യംസണിനോടും സോറി പറയുകയാണുണ്ടായത്. ” സ്റ്റോക്ക്സ് പറഞ്ഞുനിർത്തി.