ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഒഡിഷ എഫ്സിയുടെ സഹപരിശീലകനായി സന്തോഷ് കശ്യപിനെ നിയമിച്ചു. ഇന്ത്യൻ ഫുട്ബോളിൽ ദീർഘകാല പരിചയസമ്പത്തുള്ള പരിശീലകനാണ് സന്തോഷ്. ക്ലബ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
എയർ ഇന്ത്യ, മോഹൻ ബഗാൻ, സാൽഗോക്കർ, ഐസോൾ തുടങ്ങി പല ടീമുകളേയും ഐ-ലീഗിൽ പരിശീലിപ്പിച്ചിട്ടുണ്ട് സന്തോഷ്. ഇതിനുപുറമെ ഐഎസ്എൽ ക്ലബുകളായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ചെന്നൈയിൻ എഫ്സി എന്നിവർക്കൊപ്പവും സന്തോഷ് പ്രവർത്തിച്ചിട്ടുണ്ട്.
ഐഎസ്എല്ലിന് പിന്നാലെ സ്പാനിഷ് പരിശീലകൻ ജോസെപ് ഗോമ്പുവുമായി വഴിപിരിഞ്ഞ ഒഡഷ സൂപ്പർ കപ്പിനായുള്ള തയ്യാറെടുപ്പിലാണ്. ഗോമ്പുവിന് കീഴിൽ സഹപരിശീലകനായിരുന്ന ക്ലിഫോർഡ് മിറാൻഡയാണ് സൂപ്പർ കപ്പിൽ ഒഡിഷയുടെ ചുമതല വഹിക്കുക. സ്പാനിഷ് താരവും ക്യാപ്റ്റനുമായി കാർലോസ് ഡെൽഗാഡോയുമായി കരാർ പുതുക്കിയ ഒഡിഷ, സ്റ്റാർ സ്ട്രൈക്കർ ഡീഗോ മൗൗറീഷ്യോയേയും നിലനിർത്താനുള്ള ശ്രമങ്ങളിലാണ്.