SHARE

വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന എഫ് സി പൂനെ സിറ്റി ക്ലബ്ബ് അടുത്ത സീസൺ മുതൽ തങ്ങളുടെ ആസ്ഥാനം ഹൈദരാബാദിലേക്ക് മാറ്റുമെന്നും, ടീമിന്റെ പേര് ഹൈദരാബാദ് സിറ്റി എന്നാക്കുമെന്നും റിപ്പോർട്ട്. പൂനെ സിറ്റി തങ്ങളുടെ ആസ്ഥാനം മാറാൻ പോവുകയാണെന്ന് ക്ലബ്ബ് മാനേജ്മെന്റ് തന്നെയാണ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതേ സമയം എങ്ങോട്ടേക്കാകും ക്ലബ്ബിനെ മാറ്റുക എന്ന കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. ഹൈദരാബാദിലേക്ക് ആസ്ഥാനം മാറ്റാനാണ് കൂടുതലും സാധ്യതയെന്ന് സൂചനകളുണ്ട്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കുറച്ച് സ്പോൺസർമാർ പൂനെയുടെ ഓഹരികൾ വാങ്ങാൻ തയ്യാറായതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ ക്ലബ്ബിന്റെ പേര് ‘പൂനെ സിറ്റി’ എന്നതിൽ നിന്ന് ‘ഹൈദരാബാദ് സിറ്റി’ എന്നതായി മാറും.

അതേ സമയം ക്ലബ്ബിന്റെ ആസ്ഥാനം മാറിയാലും നിലവിലെ ടീമിലുള്ള മുഴുവൻ താരങ്ങളേയും തങ്ങൾ നിലനിർത്തുമെന്ന് പൂനെ സിറ്റി വ്യക്തമാക്കിയിട്ടുണ്ട്. താരങ്ങൾക്ക് നൽകാനുള്ള ശമ്പള കുടിശിഖ നേരത്തെ പറഞ്ഞത് പോലെ രണ്ട് തവണകളായി അവരിലേക്ക് എത്തിക്കുമെന്നും ടീം ഉടമകൾ ഉറപ്പ് നൽകിയിട്ടുണ്ട്.