ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി അമോൾ മുസുംദാർ നിയമിതനായേക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിലെ വമ്പൻ പേരുകളിലൊന്നാണ് അമോളിന്റേത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറിൽ രമേഷ് പൊവാർ പുറത്തായത് മുതൽ ഇന്ത്യൻ വനിതാ ടീമിന്റെ മുഖ്യപരിശീലകസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. തുടർന്നിപ്പോൾ ഇന്ത്യ ബംഗ്ലാദേശ് പര്യടനത്തിന് തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ പരിശീലകനെ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
അമോളടക്കം മൂന്ന് പേരെയാണ് പരിശീലകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. ഇവരുമായി ഇന്ന് മുംബൈയിൽ വച്ച് ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി കൂടിക്കാഴ്ച നടത്തി. വനിതാ ടീമിനെ മുമ്പ് പരിശീലിപ്പിച്ചിട്ടുള്ള തുഷാർ അറോതെ, ഇംഗ്ലീഷ് പരിശീലകൻ ജോൺ ലൂയിസ് എന്നിവരായിരുന്നു മറ്റ് രണ്ട് പേർ. ഇതിൽ അമോളിന്റെ പദ്ധതികളിൽ അധികൃതർ വളരെയധികം സംതൃപ്തരാണെന്ന് ഒരു ബിസിസിഐ ഓഫീഷ്യൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളായാണ് അമോൾ പരിഗണിക്കപ്പെടുന്നത്. എന്നാൽ ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനം കൊണ്ടും ഒരിക്കൽ പോലും ഇന്ത്യയുടെ ദേശീയ ടീമിലെത്താൻ അമോളിനായില്ല. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് കോച്ചായി പ്രവർത്തിച്ചിട്ടുള്ള അമോൾ, ഏറ്റവുമൊടുവിൽ മുംബൈയുടെ രഞ്ജി ടീമിന്റെ ചുമതലയാണ് വഹിച്ചത്.