SHARE

ഇംഗ്ലണ്ടിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സ്റ്റാർ പരിശീലകൻ ട്രെവർ ബെയ്ലിസ് വരും സീസണിൽ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനാകുമെന്ന് റിപ്പോർട്ട്. നേരത്തെ 2011 മുതൽ 2014 വരെ കൊൽക്കത്തയെ പരിശീലിപ്പിച്ചിരുന്ന ബെയ്ലിസ് 2015 ലായിരുന്നു നൈറ്റ് റൈഡേഴ്സ് വിട്ട് ഇംഗ്ലണ്ട് ദേശീയ ടീം പരിശീലകനായി ചുമതലയേറ്റത്. അടുത്ത മാസം ആരംഭിക്കുന്ന ആഷസ് പരമ്പര അവസാനിച്ചതിന് ശേഷം അദ്ദേഹം കൊൽക്കത്തൻ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുക്കുമെന്നാണ് സൂചനകൾ.

തങ്ങളുടെ മുൻ പരിശീലകനെ ടീമിൽ തിരിച്ചെത്തിക്കുന്നതിനൊപ്പം ന്യൂസിലൻഡ് ഇതിഹാസ താരം ബ്രെണ്ടൻ മക്കല്ലത്തെ ബാറ്റിംഗ് പരിശീലകന്റെ റോളിലും കൊൽക്കത്ത ടീമിനൊപ്പമെത്തിക്കും. വരും സീസണിൽ ഇതോടെ കൊൽക്കത്തയുടെ പരിശീലക സംഘം കരുത്തുറ്റതാകും. 2011 മുതൽ 2014 വരെയുള്ള ഐപിഎൽ സീസണുകളിൽ കൊൽക്കത്തയെ പരിശീലിപ്പിച്ച ബെയ്ലിസ്, ഈ കാലയളവിൽ രണ്ട് ഐപിഎൽകിരീടങ്ങളും കൊൽക്കത്തയിലെത്തിച്ചു. 2011ലെ ഏകദിന ലോകകപ്പിൽ ശ്രീലങ്ക ഫൈനലിൽ എത്തിയപ്പോളും ബെയ്ലിസായിരുന്നു അവരുടെ പരിശീലകൻ.
അതേ സമയം മക്കല്ലത്തിനും ഇത് തന്റെ മുൻ ടീമിലേക്കുള്ള തിരിച്ചുവരവാണ്. ഐപിഎല്ലിന്റെ ആദ്യ സീസണുകളിൽ കൊൽക്കത്തയുടെ താരമായിരുന്നു മക്കല്ലം.