SHARE

അഞ്ചാം സീസണ്‍ ഐ എസ് എല്ലിന് മുമ്പ് പോര്‍ച്ചുഗീസ് പരിശീലകന്‍ ജോര്‍ജ് കോസ്റ്റയുമായി മുംബൈ സിറ്റി എഫ് സി കരാറിലെത്തി. നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും അല്‍പ്പ സമയം മുമ്പാണ് മുഖ്യപരിശീലകനായി ജോര്‍ജ് കോസ്റ്റയെ മുംബൈ പ്രഖ്യാപിച്ചത്. കോസ്റ്റാറിക്കന്‍ പരിശീലകന്‍ അലസാന്ദ്രെ ഗുമിറസ് സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ പരിശീലകനെ മുംബൈ ടീമിനൊപ്പം എത്തിച്ചിരിക്കുന്നത്.

പോര്‍ച്ചുഗല്‍ ദേശീയ ടീമിന് വേണ്ടി 50 മത്സരങ്ങളില്‍ ബൂട്ടു കെട്ടിയിട്ടുള്ള കോസ്റ്റ, പ്രശസ്ത പോര്‍ച്ചുഗീസ് ക്ലബ്ബായ എഫ് സി പോര്‍ട്ടോയുടെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ്. 2014 മുതല്‍ 2016 വരെ ഗാബോണ്‍ ദേശീയ ടീമിന്റെ പരിശീലകനായിരുന്ന ഈ നാല്‍പ്പത്തിയാറുകാരന്‍, ഫ്രഞ്ച് രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ടൂര്‍സ് എഫ് സി യെ ആണ് അവസാനമായി പരിശീലിപ്പിച്ചത്.

ഒലാനീസിനെ പോര്‍ച്ചുഗീസ് രണ്ടാം ഡിവിഷന്‍ ലീഗില്‍ ചാമ്പ്യന്മാരാക്കിയ കോസ്റ്റ, സി.എഫ്. ആര്‍ ക്ലജ്ജിനെ റൊമാനിയന്‍ ലീഗ് കിരീടത്തിലേക്കും നയിച്ചിട്ടുണ്ട്. പതിനൊന്നോളം ടീമുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തുള്ള ഈ പോര്‍ച്ചുഗീസ് പരിശീലകന്‍, ഇതാദ്യമായാണ് ഒരു ഏഷ്യന്‍ ടീമിനെ കളി പഠിപ്പിക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ സീസണില്‍ പ്രതീക്ഷക്കൊത്തുയരാന്‍ സാധിക്കാതിരുന്ന മുംബൈയെ ഇത്തവണ പ്ലേ ഓഫിലേക്ക് നയിക്കുക എന്നതാണ് ഇക്കുറി കോസ്റ്റയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.