SHARE

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇക്കുറി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ കളി പഠിപ്പിക്കാൻ ഒരു ഡച്ചുകാരനെത്തുന്നു. ഈൽകോ ഷറ്റോറി എന്ന 46 കാരനാകും വടക്ക്‌ കിഴക്കൻ വമ്പന്മാരുടെ പുതിയ പരിശീലകൻ. നോർത്ത് ഈസ്റ്റ്‌ മാനേജ്മെന്റ് തന്നെയാണ് ട്വിറ്ററിലൂടെ പുതിയ കോച്ചിനെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. നേരത്തെ ഈസ്റ്റ്‌ ബംഗാൾ പരിശീലകനായിരുന്ന ഷറ്റോറിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവാണിത്.

ഫുട്ബോൾ കളിജീവിതത്തിൽനിന്നും വിരമിച്ച് നന്നേ ചെറുപ്പത്തിലെ പരിശീലകനായി അരങ്ങേറിയ വ്യക്തിയാണ് ഷറ്റോറി. സഹപരിശീലകൻ, ടെക്നിക്കൽ ഡയറക്‌ടർ, പരിശീലകൻ എന്നീ നിലകളിൽ വിവിധ ക്ലബ്ബ്കളിൽ പ്രവർത്തിച്ച് പരിചയമുള്ള അദ്ദേഹത്തിന്റെ 13 മത്തെ ക്ലബ്ബാണ് നോർത്ത് ഈസ്റ്റ്‌. 2015 സീസണിൽ കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ്‌ ബംഗാൾ പരിശീലകനായി ഇന്ത്യയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഐ എസ് എൽ ആദ്യ സീസൺ മുതൽ കളിക്കുന്ന നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് ടൂർണമെന്റിൽ കാര്യമായി ഒന്നും ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ നാല് സീസണുകളിൽ രണ്ടെണ്ണത്തിലും ഏറ്റവും ഒടുവിലാണ് യുണൈറ്റഡ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ സീസണിൽ കളിച്ച 18 മത്സരങ്ങളിൽ 13 ലും തോറ്റ നോർത്ത് ഈസ്റ്റ്‌ ഇത്തവണ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇന്ത്യൻ സാഹചര്യങ്ങൾ നന്നായി അറിയാവുന്ന ഷറ്റോറിയുടെ വരവ് ടീമിന് കൂടുതൽ പ്രതീക്ഷ നൽകുന്നു.