SHARE

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗ് പട്ടിക പുറത്ത് വിട്ടു. ഇംഗ്ലണ്ടിനെതിരായ നാലാംടെസ്റ്റിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ നായകൻ വിരാട് കോലിയും, ചേതശ്വർ പുജാരയും റാങ്കിംഗിൽ നേട്ടമുണ്ടാക്കി.

നാലാം ടെസ്റ്റിൽ 46, 58 എന്നിങ്ങനെ സ്കോർ ചെയ്ത കോലി ഒന്നാം സ്ഥാനത്ത് തന്റെ ലീഡ് വർധിപ്പിച്ചതിനൊപ്പം 937 റേറ്റിംഗ് പോയിന്റിലെത്തി തന്റെ കരിയറിലെ ഏറ്റവും ഉയർന്ന റേറ്റിംഗ് പോയിന്റ് സ്വന്തമാക്കി. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പതിനൊന്നാമത്തെ റേറ്റിംഗ് പോയിന്റാണിത്. കോലിക്ക് പുറമേ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 132 റൺസ് നേടിയ ചേതശ്വർ പുജാരയും ആറാം സ്ഥാനത്ത് തന്റെ റേറ്റിംഗ് പോയിന്റുകൾ ഉയർത്തി. കഴിഞ്ഞ റാങ്കിംഗിൽ 763 പോയിന്റ് ഉണ്ടായിരുന്ന പുജാരയ്ക്ക് നിലവിൽ 798 റേറ്റിംഗ് പോയിന്റുണ്ട്.

അതേ സമയം ഇംഗ്ലണ്ട് താരങ്ങളായ സാം കുറാനും, മോയിൻ അലിയുമാണ് റാങ്കിംഗിൽ ഏറ്റവുമധികം മുന്നേറ്റം നടത്തിയത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 78 റൺസും, രണ്ടാമിന്നിംഗ്സിൽ 46 റൺസും നേടിയ സാം കുറാൻ ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ 29 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 43 മതും, ബോളർമാരുടെ റാങ്കിംഗിൽ 11 സ്ഥാനങ്ങൾ മുന്നോട്ട് കയറി 55-മതുമെത്തി.

മത്സരത്തിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട മോയിൻ അലി ബോളർമാരുടെ റാങ്കിംഗിൽ 3 സ്ഥാനങ്ങൾ മുന്നോട്ട് കയറി മുപ്പത്തിമൂന്നാമതും, ഒരു സ്ഥാനം മെച്ചപ്പെടുത്തി ഓൾ റൗണ്ടർമാരിൽ ഏഴാമതുമെത്തി.