SHARE

രാജ്യത്തെ ആദ്യ പ്രെഫഷണല്‍ ലീഗായ ഐലീഗിന്റെ അവസാനത്തെ സീസണായിരിക്കും ഇപ്പോള്‍ നടക്കുന്നതെന്ന് സിഇഒ സുനന്ദോ ഥര്‍. അടുത്ത സീസണ്‍ മുതല്‍ പുതിയ ലീഗ് ആയിരിക്കും ഐലീഗിന്റെ സ്ഥാനത്തെന്ന് വ്യക്തമാക്കിയ സിഇഒ കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കിയില്ല. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഐലീഗ് ഈ സീസണോടെ കൊടിയിറങ്ങും.

പുതിയ സീസണില്‍ ഒട്ടേറെ മാറ്റങ്ങളോടെ മറ്റൊരു ലീഗാകും കാണുക- ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു. അടുത്ത സീസണ്‍ മുതല്‍ കൊല്‍ക്കത്തന്‍ ക്ലബുകളായ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും ഐഎസ്എല്ലിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹങ്ങളും സിഇഒ തള്ളിക്കളയുന്നില്ല.

2007 വരെ നാഷണല്‍ ഫുട്‌ബോള്‍ ലീഗ് എന്നായിരുന്നു ഇന്ത്യയിലെ ക്ലബ് ലീഗ് അറിയപ്പെട്ടിരുന്നത്. അതേസമയം പുതിയ ലീഗിന് തരംതാഴ്ത്തല്‍ ഘടന ഉണ്ടാകില്ലെന്നും സൂചനയുണ്ട്. 2007 മുതലാണ് ഐലീഗായി മാറിയത്. ഇതുവരെ ഏഴു ക്ലബുകള്‍ ഐലീഗ് കിരീടം നേടിയിട്ടുണ്ട്. മൂന്നുതവണ നേടിയ ഡെംപോ ഗോവയാണ് നേട്ടക്കാരില്‍ മുമ്പന്‍.