SHARE

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയായിരുന്നു ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. തങ്ങളുടെ സമൂഹ‌മാധ്യമ അക്കൗണ്ടുകളിൽ നിന്ന് പ്രൊഫൈൽ ചിത്രങ്ങളെല്ലാം നീക്കിയ ബാംഗ്ലൂർ ടീമിന്റെ ലക്ഷ്യമെന്തെന്ന കാര്യം ആരാധകർക്ക് ഇന്ന്‌ രാവിലെ വരെ പിടികിട്ടിയിരുന്നില്ല. ബാംഗ്ലൂർ താരങ്ങളായ വിരാട് കോഹ്ലി, യുസ്വേന്ദ്ര ചഹൽ, എബി ഡിവില്ലിയേഴ്സ് എന്നിവരും ഇക്കാര്യത്തിൽ ആകാംക്ഷ പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

എന്നാൽ ഇപ്പോളിതാ ടീമിന് പുതിയ ലോഗോ പുറത്തിറക്കി ആരാധകരുടെ ടെൻഷന് അറുതി വരുത്തിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ‌. നേരത്തെ ടീമിന്റെ പ്രൊഫൈൽ ചിത്രങ്ങൾസോഷ്യൽ മീഡിയയിൽ നിന്ന് മാറ്റിയതോടെ ബാംഗ്ലൂർ ഫ്രാഞ്ചൈസി പുതിയ പേരിലേക്ക് മാറാൻ പോവുകയാണെന്ന് പോലും വാർത്തകൾ വന്നിരുന്നു. എന്നാൽ ടീമിന്റെ ലോഗോയിൽ മാത്രമേ മാറ്റം വരുന്നുള്ളൂവെന്ന് ഇന്ന്‌ രാവിലെയാണ് ആരാധകർക്ക് ഉറപ്പായത്. തലയിൽ കിരീടമുള്ള സിംഹമാണ് ബാംഗ്ലൂരിന്റെ പുതിയ ലോഗോയിലുള്ളത്.

അതേ സമയം പുതിയ ലോഗോയെക്കുറിച്ച് ആരാധകർക്കിടയിൽ സമ്മിശ്ര അഭിപ്രായമാണുള്ളത്.
പുതിയ ദശാബ്ദത്തിൽ പുതിയ ലോഗോ തങ്ങൾക്ക് ഭാഗ്യം കൊണ്ട് വരുമെന്നാണ് ബാംഗ്ലൂർ ഫ്രാഞ്ചൈസിയുടെ പ്രതീക്ഷ. ഇതിനായി കാത്തിരിക്കുകയാണ് ടീമും ആരാധകരും.