SHARE

വിന്‍ഡീസിനെതിരായ തകര്‍പ്പന്‍ ജയത്തോടെ ഒരു റിക്കാര്‍ഡ് സ്വന്തമാക്കുകയും മറ്റൊരെണ്ണത്തിന്റെ ഒപ്പമെത്തുകയും ചെയ്തു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇന്ത്യയ്ക്ക് പുറത്ത് രാജ്യത്തിന് ഏറ്റവും അധികം ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച നായകനെന്ന റിക്കാര്‍ഡാണ് ആദ്യത്തേത്. മറികടന്നത് സൗരവ് ഗാംഗുലിയുടെ നേട്ടം.

ഇന്ത്യയ്ക്കു പുറത്ത് നായകനെന്ന നിലയില്‍ വിരാട് കോഹ്‌ലി നേടുന്ന പന്ത്രണ്ടാം ജയമാണിത്. 26 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോഹ്‌ലി, 12ലും ജയം സമ്മാനിക്കുകയായിരുന്നു. 28 മത്സരങ്ങളില്‍ നിന്ന് 11 ജയം ഇന്ത്യക്ക് സമ്മാനിച്ച സൗരവ് ഗാംഗുലിയുടെ പേരിലായിരുന്ന റെക്കോര്‍ഡാണ് വിരാട് കോഹ്‌ലി സ്വന്തം പേരിലേക്ക് തിരുത്തിയെഴുതിയത്.

മറ്റൊരു റിക്കാര്‍ഡില്‍ എം.എസ്. ധോണിയുടെ നേട്ടത്തിനൊപ്പവും വിരാട് എത്തി. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച നായകനെന്ന റിക്കാര്‍ഡാണത്. ഇതുവരെ 47 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച കോഹ്‌ലി 27 ജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 60 മത്സരങ്ങളില്‍ നിന്നാണ് ധോണി 27 ജയങ്ങളിലെത്തിയത്. 2014ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടയില്‍ ധോണി അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതോടെയാണ് സ്ഥിരനായക സ്ഥാനത്തേക്ക് കോഹ്‌ലി എത്തുന്നത്.