SHARE

റണ്‍മഴ പെയ്യിച്ച് മുന്നേറിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് മുന്നില്‍ മറ്റൊരു റിക്കാര്‍ഡ് കൂടി വഴിമാറി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരമെന്ന നേട്ടമാണ് വിരാടിനെ തേടിയെത്തിയത്. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്, ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത് എന്നിവരെയാണ് ഇന്ത്യന്‍ താരം മറികടന്നത്.

ലങ്കയ്‌ക്കെതിരായ നാഗ്പൂര്‍ ടെസ്റ്റില്‍ നേടിയത് കോഹ്ലിയുടെ ഈ വര്‍ഷത്തെ പത്താമത്തെ സെഞ്ചുറിയാണ്. 2005, 2006 വര്‍ഷങ്ങളില്‍ പോണ്ടിംഗ് നേടിയ ഒന്‍പത് സെഞ്ചുറിയാണ് പഴങ്കഥയായത്. സ്മിത്തിന്റെ ഒന്‍പത് സെഞ്ചുറി പിറന്നത് 2005ലാണ്. നാഗ്പൂര്‍ ടെസ്റ്റിലേത് ക്യാപ്റ്റനെന്ന നിലയില്‍ കോഹ്ലിയുടെ പന്ത്രണ്ടാം സെഞ്ചുറിയാണ്. ഇന്ത്യന്‍ നായകരില്‍ ഇതു റിക്കാര്‍ഡാണ്. സുനില്‍ ഗവാസ്‌കര്‍ 47 ടെസ്റ്റില്‍ നേടിയ 11 സെഞ്ചുറിയാണ് പിന്നിലായത്.

മികച്ച തുടക്കത്തെ സെഞ്ചുറിയിലേക്ക് എത്തിക്കുന്നതില്‍ കോഹ്ലി ആരെക്കാളും മുന്നിലാണ്. 16 തവണ 50 പിന്നിട്ടപ്പോള്‍ അതില്‍ 12ലും താരം മൂന്നക്കം തികച്ചു. കൊല്‍ക്കത്ത ടെസ്റ്റിന്റെ അവസാന ദിനം കോഹ്ലിയുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ടെസ്റ്റിനെ ആവേശത്തിലെത്തിച്ചത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും തിളങ്ങാനായാല്‍ കോഹ്ലി യുഗത്തിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് പ്രവേശിച്ചെന്ന് നിസംശയം പറയാം.