SHARE

ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ ആധികാരികമായിരുന്നു ന്യൂസിലൻഡിന്റെ ജയം. പരമ്പരയിലെ ഒരു മത്സരത്തിൽപ്പോളും എതിരാളികൾക്ക് അവസരം നൽകാതിരുന്ന കിവീസ് സ്വന്തം നാട്ടിൽ 3-0 നാണ് ജയിച്ചുകയറിയത്. ആരാധകരെ ആവേശത്തിലാഴ്ത്തിയ റണ്ണൊഴുക്കായിരുന്നു ഈ മൂന്ന് മത്സരങ്ങളുടേയും പ്രത്യേകത. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും കൂറ്റൻ സ്കോറുകൾ കണ്ടെത്തിയ ന്യൂസിലൻഡ്, ക്രിക്കറ്റിലെ ഒരു തകർപ്പൻ റെക്കോർഡും സ്വന്തമാക്കി.

പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് മൊത്തം അടിച്ചുകൂട്ടിയത് 1054 റൺസാണ്. ഇതോടെ മൂന്ന് മത്സര ഏകദിന പരമ്പരയിൽ ഏറ്റവുംകൂടുതൽ റൺസടിച്ചുകൂട്ടുന്ന ടീമെന്ന റെക്കോർഡ് ന്യൂസിലൻഡിന് സ്വന്തമായി. 2016-17 ൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ നേടിയ 1053 റൺസിന്റെ റെക്കോർഡാണ് കിവീസ് മറികടന്നത്. ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ 371 റൺസ് സ്കോർ ചെയ്ത ന്യൂസിലൻഡ് പിന്നീടുള്ള മത്സരങ്ങളിൽ 319, 364 എന്നിങ്ങനെയാണ് റൺസ് അടിച്ചുകൂട്ടിയത്.

ശ്രീല‌ങ്കയ്ക്കെതിരായ അവസാന ഏകദിനത്തിൽ സെഞ്ചുറി നേടിയതോടെ അവരുടെ സീനിയർ ബാറ്റ്സ്മാൻ റോസ് ടെയ്ലർ, ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിൽ നിന്ന് മാത്രം ഇരുപത് സെഞ്ചുറികൾ നേടുന്ന ആദ്യ ന്യൂസിലൻഡ് താരമായി. ഇന്നലെ താരം നേടിയത് ഏകദിനത്തിലെ അദ്ദേഹത്തിന്റെ ഇരുപതാം സെഞ്ചുറിയായിരുന്നു.