SHARE

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി മോഹന്‍ലാല്‍. കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങിലാണ് സൂപ്പര്‍ താരം മഞ്ഞപ്പടയുടെ ഭാഗമായത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്ന് പറഞ്ഞ മോഹന്‍ലാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ നടക്കുമ്പോള്‍ പ്രോത്സാഹിപ്പിക്കാനായി ഗ്യാലറിയിലുണ്ടാകുമെന്നും ഉറപ്പു നല്കി. മോഹന്‍ലാല്‍ ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറാകുമെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് സ്‌പോര്‍ട്‌സ്മലയാളം ആയിരുന്നു.

അതേസമയം ലാല്‍ ബ്രാന്‍ഡ് അംബാസിഡറാകുന്നത് പ്രതിഫലമില്ലാതെ ആണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. പകരം ടീമിന്റെ നിശ്ചിത ശതമാനം ഓഹരികളാകും താരത്തിന് ലഭിക്കുക. ഇക്കാര്യത്തില്‍ പക്ഷേ സ്ഥിരീകരണം ഇനിയും ഉണ്ടാകേണ്ടതുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ പിന്മാറിയതോടെ ബ്ലാസ്‌റ്റേഴ്‌സിന് ഒരു താരപ്രഭാവമുള്ള സെലിബ്രിറ്റിയുടെ അഭാവം ഉണ്ടായിരുന്നു. ലാല്‍ വരുന്നതോടെ കൂടുതല്‍ ശ്രദ്ധ ടീമിന് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

നേരത്തെ രണ്ടുവര്‍ഷം മുമ്പ് യുവതാരം നിവിന്‍ പോളി ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു. മലയാളികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മോഹന്‍ലാല്‍ എത്തുന്നത് വഴി ബ്ലാസ്റ്റേഴ്‌സിന്റെ താരമൂല്യവും ആരാധകരുടെ എണ്ണവും വര്‍ധിക്കും. നേരത്തെ ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ വാങ്ങാന്‍ ലുലുഗ്രൂപ്പുമായി മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സച്ചിന്റെ അഭാവവും നഷ്ട സാധ്യത കൂടിയതുമാണ് ലുലുഗ്രൂപ്പിനെ തീരുമാനത്തില്‍ നിന്ന് പിന്‍തിരിപ്പിച്ചത്.