SHARE

ടി20 ലീഗുകളില്‍ ഉയര്‍ന്ന് വരുന്ന പ്രധാന പരാതികളിലൊന്നാണ് ടീമുകളുടെ കുറഞ്ഞ ഓവര്‍ നിരക്ക്. പലപ്പോഴും മത്സരങ്ങള്‍ തീരാന്‍ വൈകുന്നത് ആരാധകരെ മടുപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുന്ന സമയത്തും ടീമുകള്‍ പഴി കേട്ടത് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലായിരുന്നു. എന്നാല്‍ ഓഗസ്റ്റ് എട്ടിന് തുടങ്ങുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് കടുത്ത ശിക്ഷ പ്രഖ്യാപിച്ചിരിക്കുകയാണ് സംഘാടകര്‍.

85 മിനുട്ടിനുള്ളില്‍ 20 ഓവര്‍ എറിഞ്ഞു തീര്‍ക്കണമെന്ന നിര്‍ദ്ദേശമാണ് ടീമുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഈ സമയത്തിനുള്ളില്‍ ഒരു ഓവര്‍ കുറവാണ് എറിയുന്നതെങ്കില്‍ ടീമിന്റെ നെറ്റ് റണ്‍ റേറ്റില്‍ 0.05 പോയന്റ് കുറക്കും. അതേ സമയം, കൂടുതലായി ഇങ്ങനെ വരുന്ന ഓരോ ഓവറുകള്‍ക്കും 0.10 പോയന്റും കുറക്കും. പോയന്റ് തുല്യമാവുമ്പോള്‍ ലീഗിൽ നെറ്റ് റണ്‍റേറ്റിന് വലിയ പ്രധാന്യമുണ്ട്. അതുകൊണ്ട് തന്നെ ടീമുകളുടെ മുന്നോട്ടുള്ള പ്രയാണത്തെ വരെ സ്ലോ ഓവര്‍ റേറ്റ് തടയുമെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.

സൂപ്പര്‍ ഓവറുമായി ബന്ധപ്പെട്ടതാണ് ലീഗിലെ പുതിയ നിയമം. ഇനി മുതല്‍ സൂപ്പര്‍ ഓവറുകള്‍ക്കും കോയിന്‍ ടോസ് ഏര്‍പ്പെടുത്താനാണ് തീരുമാനം. നേരത്തെ, മത്സരം ടൈ ആയാല്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീമിന് സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റിംഗ് നല്‍കാറാണ് പതിവ്. എന്നാല്‍ ഇത്തവണ ലീഗില്‍ മത്സരങ്ങള്‍ സൂപ്പര്‍ ഓവറിലേക്ക് കടന്നാല്‍ വീണ്ടും കോയിന്‍ ടോസ് നടത്തും. എട്ടിന് ആരംഭിക്കുന്ന ലീഗിൽ ആറു ടീമുകളിലായി സൂപ്പർ താരങ്ങൾ ഏറ്റുമുട്ടും. സപ്തംബര്‍ 16നാണ് സി പി എല്‍ കലാശപ്പോരാട്ടം.