SHARE

ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങൾ തുടരുകയാണ് പല ടീമുകളും. താരങ്ങളും പരിശീലകരും ടീമുകളിലേക്ക് വന്നുകൊണ്ടേയിരിക്കുന്നു. പൂനെ സിറ്റി എഫ് സി ആയിരുന്നു ഇന്ന് അവരുടെ പുതിയ താരത്തെ പ്രഖ്യാപിച്ചത്. ഇക്കുറി ടീമിലെത്തിയത് ഇംഗ്ലീഷ്കാരനായ പ്രതിരോധ താരം മാത്യു മിൽസ്.

ഇംഗ്ലണ്ടിന്റെ ജൂനിയർ ടീമിലൂടെ അരങ്ങേറിയ മിൽസ് മാഞ്ചസ്റ്റർ സിറ്റി ഉൾപ്പടെ 12 ഓളം ക്ലബ്ബുകൾക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്. സൗത്താംപ്ടണിലൂടെ ആയിരുന്നു മിൽസിന്റെ ക്ലബ്ബ് അരങ്ങേറ്റം. 2006 മുതൽ 2008 വരെ മാഞ്ചസ്റ്റർ സിറ്റിയിൽ ഉണ്ടായിരുന്ന മിൽസ് പിന്നീട് രണ്ടാം ഡിവിഷൻ ക്ലബ്ബ്കളിലേക്ക് മടങ്ങുകയായിരുന്നു. ലെയ്‌സ്റ്റർ സിറ്റിയിലൂടെ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ അദ്ദേഹം ഈ വർഷമാദ്യം ബാൺസിലി എഫ് സി യുമായി കരാറിലെത്തി.

മിൽസിന്റെ വരവോടുകൂടി പ്രതിരോധ നിര കൂടുതൽ ശക്തി പ്രാപിക്കുമെന്നും, അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ടീമിന് ഏറെ ഗുണംചെയ്യുമെന്നും പൂനെ കോച്ച് മിഗുവേൽ എയ്ഞ്ചേൽ പറഞ്ഞു. യുവതാരങ്ങളെയും പരിചയസമ്പത്തുള്ളവരെയും കോർത്തിണക്കി വലിയ മാറ്റങ്ങൾക്ക് ശ്രമിക്കുന്ന പൂനെക്കൊപ്പം കളിക്കുന്നത് ആവേശം പകരുന്ന കാര്യമാണെന്ന് മിൽസും പ്രതികരിച്ചു.