SHARE

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ മാതൃകയിൽ ടി20 ലീഗ് ആരംഭിക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഒരുങ്ങുന്നു. 2011 ൽ ശ്രീലങ്കൻ പ്രീമിയർ ലീഗ് എന്ന പേരിൽ അവർ ടി20 ടൂർണമെന്റ് ആരംഭിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രശ്നങ്ങളാൽ ടൂർണമെന്റിന് അധികം ആയുസുണ്ടായില്ല. എന്നാൽ ഇത്തവണ പിഴവുകളെല്ലാം തിരുത്തി കുറ്റമറ്റ ടൂർണമെന്റ് തുടങ്ങാനാണ്‌ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ലക്ഷ്യം. പുതിയ ടൂർണമെന്റ് തുടങ്ങുന്നത് വഴി രാജ്യത്ത് ക്രിക്കറ്റ് വളർത്താമെന്നും ക്രിക്കറ്റ് രംഗത്ത് വിപ്ലവാന്മകമായ വികസനം കൊണ്ടു വരാമെന്നുമാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വിചാരിക്കുന്നത്.

എട്ട് വർഷങ്ങൾക്ക് മുൻപ് ആദ്യ എഡിഷൻ ശ്രീലങ്കൻ പ്രീമിയർ ലീഗിലേക്ക് ഇന്ത്യൻ താരങ്ങളെ വിട്ടു നൽകാൻ ബിസിസിഐ തയ്യാറായിരുന്നില്ല. അതും അന്ന് ശ്രീലങ്കൻ പ്രീമിയർ ലീഗ് തകരാനുള്ള പ്രധാന കാരണങ്ങളിലൊന്നായി. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പല തവണ അന്ന് ചർച്ചകൾ നടത്തിയെങ്കിലും ബിസിസിഐ തങ്ങളുടെ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ബ്രാൻഡ് മൂല്യം താഴേക്ക് പോവാതിരിക്കുകയായിരുന്നു ബിസിസിഐ യുടെ ലക്ഷ്യം. എന്നാൽ ശ്രീലങ്കൻ ബോർഡിന്റെ പുതിയ ടി20 ലീഗിന് ബിസിസിഐ പച്ചക്കൊടി വീശിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതുതായി സംഘടിപ്പിക്കുന്ന ശ്രീലങ്കൻ ടി20 ലീഗ്, ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ സഹായത്തോടെയാകും നടക്കുകയെന്ന് വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്.

ഏഷ്യയിലെ മുൻ നിര ക്രിക്കറ്റ് രാജ്യങ്ങളിൽ ശ്രീലങ്കയിൽ മാത്രമാണ് നിലവിൽ ഫ്രാഞ്ചൈസി തിരിച്ചുള്ള ടി20 ലീഗ് ഇല്ലാത്തത്. ഇന്ത്യയിൽ ഇന്ത്യൻ പ്രീമിയർ ലീഗും, പാകിസ്ഥാനിൽ പാകിസ്ഥാൻ പ്രീമിയർ ലീഗും, ബംഗ്ലാദേശിൽ ബംഗ്ലാദേശ് പ്രീമിയർ ലീഗുമെല്ലാം നടക്കുമ്പോളാണിത്.