SHARE
ഫയൽ ചിത്രം

അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ ഏറ്റവും ചെറിയ സ്കോറിന് പുറത്താകുന്ന ടീമെന്ന നാണക്കേട് ഇനി മാലി വനിതാ ടീമിന് സ്വന്തം. കഴിഞ്ഞ ദിവസം റുവാണ്ടയ്ക്കെതിരെ നടന്ന മത്സരത്തിൽ വെറും 6 റൺസിന് പുറത്തായാണ് മാലി വനിതകൾ ഈ നാണക്കേട് സ്വന്തം പേരിലാക്കിയത്. നേരത്തെ ചൈന വനിതാ ടീം യു എ ഇ യ്ക്കെതിരെ 14 റൺസിന് പുറത്തായതായിരുന്നു ടി20 ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്കോർ.

9 ഓവർ ബാറ്റ് ചെയ്താണ് മാലി 6 റൺസിൽ പുറത്തായത്. ഇതിൽ 9 പേരും റണ്ണൊന്നുമെടുക്കാതെയാണ് പവലിയനിലെത്തിയത്. ഒരു റൺസെടുത്ത മറിയം സമേക്ക് മാത്രമാണ് മാലി നിരയിൽ അക്കൗണ്ട് തുറന്നത്. ബാക്കി അഞ്ച് റൺസ് എക്സ്ട്രാസിൽ നിന്നാണ്. രണ്ട് ബൈയും, രണ്ട് ലെഗ് ബൈയും, ഒരു വൈഡുമടങ്ങുന്നതാണ് ഇത്. അതേ സമയം 7 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന റുവാണ്ട വെറും 4 പന്തുകളിൽ വിജയം നേടി. ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം ( കൂടുതൽ പന്തുകൾ ബാക്കി നിൽക്കെ) കൂടിയാണിത്.