SHARE

അയര്‍ലന്‍ഡും പാകിസ്ഥാനും തമ്മില്‍ നടന്ന ടെസ്റ്റ് മത്സരത്തിന് ശേഷം ഐ സി സി പുറത്തുവിട്ട ടെസ്റ്റ് റാങ്കിംഗില്‍ അയര്‍ലന്‍ഡ് താരങ്ങള്‍ക്ക് നേട്ടം. ബാറ്റിംഗില്‍ കെവിന്‍ ഒബ്രയാനും ബോളിംഗില്‍ ടിം മുര്‍താഗുമാണ് നേട്ടമുണ്ടാക്കിയത്. 34കാരനായ ഒബ്രയാന്‍ അരങ്ങേറ്റ ടെസ്റ്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റാങ്കിംഗില്‍ 66ാം സ്ഥാനത്തെത്തി.

ആദ്യ ടെസ്റ്റ് കളിക്കുന്ന ടീമിലുള്ള താരത്തിന് ചരിത്രത്തില്‍ ലഭിക്കുന്ന ഏറ്റവും മികച്ച രണ്ടാമത്തെ റേറ്റിംഗ് പോയന്റായ 440 ആണ് ഒബ്രയാന് ലഭിച്ചിട്ടുള്ളത്. പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 40 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 118 റണ്‍സുമാണ് ഒബ്രയാന്‍ നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 53 റണ്‍സ് നേടിയ സ്റ്റുവര്‍ട്ട് തോംപ്‌സണ്‍ 218 റേറ്റിംഗ് പോയന്റോടെ ടെസ്റ്റ് റാങ്കിംഗില്‍ 125ാം സ്ഥാനത്താണ്. ബോളിംഗ് റാങ്കിംഗില്‍ ടിം മുര്‍താഗ് 67ാം സ്ഥാനത്തെത്തി. രണ്ട് ഇന്നിംഗ്‌സുകളിലുമായി 100 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് താരത്തിന് നേട്ടമായത്.

അരങ്ങേറ്റ മത്സരത്തില്‍ നാലു വിക്കറ്റുകള്‍ നേടിയ സ്റ്റുവര്‍ട്ട് തോംപ്‌സണ്‍ ബോളിംഗ് റാങ്കിംഗില്‍ 88ാം സ്ഥാനത്തും ഓള്‍റൗണ്ടര്‍ റാങ്കിംഗില്‍ 76ാം സ്ഥാനത്തും എത്തിയിട്ടുണ്ട്. മറ്റു മത്സരങ്ങളൊന്നും നടക്കാത്തതിനാല്‍ മുന്‍ നിര റാങ്കിംഗില്‍ വലിയ മാറ്റങ്ങളില്ല. സ്റ്റീവ് സ്മിത്ത് ഒന്നാമതും വിരാട് കോഹ്ലി രണ്ടാം സ്ഥാനത്തും ജോ റൂട്ട് മൂന്നാം സ്ഥാനത്തും തന്നെയാണ്. എന്നാല്‍ അയര്‍ലന്‍ഡ് ടെസ്റ്റിലെ മോശം പ്രകടനം പാക് താരം അസ്ഹര്‍ അലിയെ 12ാം റാങ്കിലെത്തിച്ചു. രണ്ടു സ്ഥാനങ്ങളാണ് അലിക്ക് നഷ്ടമായത്. ബാറ്റിംഗില്‍ പാക് അരങ്ങേറ്റ താരങ്ങളായ ഫഹീം അഷ്‌റഫ് 81ാം സ്ഥാനത്തും ഇമാമുല്‍ ഹഖ് 113ാം സ്ഥാനത്തുമാണ്.