SHARE

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ പതിനഞ്ചാം പതിപ്പിൽ പുതിയ ടൈറ്റിൽ സ്പോൺസർമാർ എത്തിയേക്കും. ചൈനീസ് മൊബൈൽ ഫോൺ നിർമാതാക്കളായ വിവോ ആയിരുന്നു ഐപിഎൽ സ്പോൺസർമാർ. എന്നാൽ അവർ പിന്മാറുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. വിവോയ്ക്ക് പകരമായി ഇന്ത്യൻ വ്യവസായ ഭീമന്മാരായ ടാറ്റ ഐപിഎൽ സ്പോൺസറാകുമെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്.

2018-ലാണ് അഞ്ച് വർഷത്തെ കരാറിൽ വിവോ ഐപിഎൽ സ്പോൺസറായത്. എന്നാൽ 2020-ൽ ഇന്ത്യ-ചൈന അതിർത്തി തർക്കത്തെത്തുടർന്ന് വിവോയെ ഒഴിവാക്കിയിരുന്നു. ഡ്രീംഇലവനാണ് ആ ഐപിഎൽ സ്പോൺസർ ചെയ്തത്. തുടർന്ന് കഴിഞ്ഞ ഐപിഎല്ലിൽ വിവോ വീണ്ടുമെത്തി. എന്നാലിപ്പോൾ വിവോ പിന്മാറുകയാണ്. വിവോ തന്നെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ന് ചേർന്ന ഐപിഎൽ ​ഗവേണിങ് കൗൺസിൽ ഈ ആവശ്യം അം​ഗീകരിച്ചു.

വിവോയുടെ സ്പോൺസർഷിപ്പ് അവകാശങ്ങളാണ് ടാറ്റയ്ക്ക് കൈമാറിയത്. ഇതോടെ 2023 സീസൺ വരെ സ്പോൺസറായി തുടരാൻ വിവോയ്ക്ക് ലഭിച്ച കരാറും ഇനി ടാറ്റയ്ക്ക് സ്വന്തമാകും. വർഷം 440 കോടി എന്ന ഭീമൻ തുകയ്ക്കണ് 2018-ൽ വിവോ ഐപിഎൽ സ്പോൺസർഷിപ്പ് സ്വന്തമാക്കിയത്.