SHARE

ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീം പരിശീലകനായി അവരുടെ മുൻ താരം ഗാരി സ്റ്റെഡിനെ നിയമിച്ചു. കഴിഞ്ഞ ആറ് വർഷമായി അവരുടെ പരിശീലകനായിരുന്ന മൈക്ക് ഹെസൻ ഈ വർഷം ജൂണിൽ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് സ്റ്റെഡ് കിവി പരിശീലകനാകുന്നത്.

അടുത്ത മാസം ടീമിനൊപ്പം ചേരുന്ന സ്റ്റെഡിന്റെ ആദ്യ പരീക്ഷണം പാകിസ്ഥാനെതിരെ ദുബായിയിൽ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകളാണ്. ന്യൂസിലൻഡിനായി അഞ്ച് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള സ്റ്റെഡ്, നേരത്തെ ന്യൂസിലൻഡ് വനിതാ ടീമിന്റെയും അവിടുത്തെ അഭ്യന്തര ടീമായ കാന്റർബറിയുടേയും പരിശീലകനായിരുന്നു. ന്യൂസിലൻഡ് വനിതകളെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ചിട്ടുള്ള താരം 2014, 2015, 2017 വർഷങ്ങളിൽ കാന്റർബറിയെ അഭ്യന്തര ചാമ്പ്യൻഷിപ്പ് കിരീട വിജയങ്ങളിലേക്കും എത്തിച്ചിരുന്നു.