SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡ് ഒരു ശ്രദ്ധേയ നീക്കം കൂടി നടത്തി. ഇം​ഗ്ലീഷ് യുവ മുന്നേറ്റതാരം ആന്റണി ​ഗോർഡനെയാണ് ന്യൂകാസിൽ റാഞ്ചിയത്. ഇക്കാര്യം ക്ലബ് തന്നെ ഔദ്യോ​ഗികമായി അറിയിച്ചു.

21-കാരനായ ​ഗോർഡനെ, പ്രീമിയർ ലീ​ഗ് ക്ലബ് തന്നെയായ എവർട്ടനിൽ നിന്നാണ് ന്യൂകാസിൽ റാഞ്ചിയത്. എത്ര നാളത്തേക്കുള്ള കരാറാണ് ​ഗോർഡന്റേതെന്ന് വ്യക്തമല്ല. എങ്കിലും ദീർഘകാല കരാറിലാണ് താരത്തെ സൈൻ ചെയ്തത്. ഏതാണ്ട് 45 ദശലക്ഷം യൂറോയാണ് ഈ താരത്തിന് വേണ്ടി ന്യൂകാസിൽ മുടക്കിയതെന്നാണ് റിപ്പോർട്ടുകൾ. ​ഗോർഡൻ തന്നെ ആവശ്യപ്പെട്ടത് പ്രകാരമാണ് എവർട്ടൻ ട്രാൻസ്ഫറിന് തയ്യാറായതെന്നും സൂചനയുണ്ട്.

പതിനൊന്ന് വയസുള്ളപ്പോൾ എവർട്ടന്റെ അക്കാദമയിലെത്തിയ താരമാണ് ​ഗോർഡൻ. 2017-ൽ സീനിയർ ടീമിനായി അരങ്ങേറി. ഇതിനിടയിൽ പ്രെസ്റ്റൻ നോർത്ത് എൻഡിനായി ഒരു സീസണിൽ ലോണിൽ കളിക്കുകയും ചെയ്തു. എവർട്ടന് വേണ്ടി ഇതുവരെ 80-ഓളം മത്സരങ്ങളിൽ ​ഗോർഡൻ ബൂട്ടുകെട്ടിയിട്ടുണ്ട്.