SHARE

പുതിയ ഉടമകൾ ഏറ്റെടുക്കാനൊരുങ്ങുന്ന ഇം​ഗ്ലീഷ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡ് ലക്ഷ്യമിടുന്ന താരങ്ങളിലൊന്ന് ഫിലിപ്പ് കുട്ടീന്യോയെന്ന് റിപ്പോർട്ടുകൾ. മുണ്ടോ ഡിപോർട്ടീവോയടക്കം വിവിധ യൂറോപ്യൻ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. പരിശീലകസ്ഥാനത്തേക്ക് മൗറീഷ്യോ പോച്ചെറ്റീനോയെ പരി​ഗണിക്കുന്നെന്ന് വാർത്തകൾക്ക് പിന്നാലെയാണ് പുതിയ സൂചനകളും വരുന്നത്.

ഇപ്പോൾ ലോണിൽ ബയേൺ മ്യൂണിച്ചിനായി കളിക്കുന്ന കൂട്ടീന്യോ ബാഴ്സലോണയുടെ താരമാണ്. പരിശീലകൻ ക്വിക്കെ സെറ്റിയന് കുട്ടീന്യോയെ അടുത്ത സീസണിൽ നിലനിർത്തണമെന്ന് ആ​ഗ്രഹമുണ്ട്. എന്നാൽ താരത്തെ വിൽക്കാനാണ് ക്ലബ് നേതൃത്വത്തിന് താൽപര്യം. ഇം​ഗ്ലീഷ് ക്ലബ് ചെൽസിയടക്കം നേരത്തെ കൂട്ടീന്യോയ്ക്കായി ശ്രമം നടത്തിയിരുന്നു. താരത്തിന്റെ ട്രാൻസ്ഫർ തുക കുറയ്ക്കാൻ ബാഴ്സയും തയ്യാറായതാണ്. എന്നാലിതിനിടെയാണിപ്പോൾ ന്യൂകാസിലിന്റെ ഇടപെടൽ.

മാർക്വി സൈനിം​ഗ് എന്ന നിലയിൽ കുട്ടീന്യോയെ എത്തിക്കാനാണ് ന്യൂകാസിലിന് താൽപര്യമെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ വൻതുക താരത്തിനായി മുടക്കാനും അവർ തയ്യാറായേക്കും. ഇം​ഗ്ലീഷ് ക്ലബ് ലിവർപൂളിൽ നിന്നാണ് 2018-ൽ കൂട്ടീന്യോ ബാഴ്സയിലേക്ക് പോയത്.