SHARE

പുതിയ ഉടമകളെത്തിയതോടെ ഇം​ഗ്ലീഷ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡിൽ അഴിച്ചുപണികൾ തുടങ്ങി. പുതിയ താരങ്ങളെയെത്തിക്കാൻ ജനുവരിയിലെ ട്രാൻസ്ഫർ ജാലകം വരെ ക്ലബിന് കാത്തിരിക്കേണ്ടിവരും. എന്നാൽ അതിനുമുമ്പായി പുതിയ പരിശീലകനെയെത്തിക്കാനാണ് ക്ലബിന്റെ നീക്കം.

2019 മുതൽ ക്ലബിനൊപ്പമുള്ള സ്റ്റീവ് ബ്രൂസിനെ ഇന്ന് ക്ലബ് പുറത്താക്കി. ഇതോടെ സഹപരിശീലകൻ ​ഗ്രെയിം ജോൺസിലേക്കാണ് താൽക്കാലിക ചുമതലയെത്തിയത്. എന്നാൽ അധികം വൈകാതെ തന്നെ അടുത്ത പരിശീലകനെ ക്ലബ് പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. ഇം​ഗ്ലീഷ് ജേണലിസ്റ്റ് ​ഗ്രെയിം ബെയ്ലിയുടെ ട്വീറ്റ് പ്രകാരം ഇതിനകം തന്നെ മൂന്ന് പരിശീലകരുടെ പേരുകൾ ന്യൂകാസിൽ അന്തിമ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്ന് ഒരാളാകും ക്ലബിന്റെ അടുത്ത പരിശീലകനാകുമെന്നാണ് സൂചന.

നേരത്തെ തന്നെ ക്ലബുമായി ചേർത്ത് പറയപ്പെട്ടിരുന്ന സ്വീസ് പരിശീലകൻ ലൂസിയൻ ഫാവ്റെ, ഇം​ഗ്ലീഷ് യുവപരിശീലകൻ എഡ്ഡി ഹൗ, പോർച്ചു​ഗീസ് പരിശീലകൻ പൗളോ ഫോൻസേക എന്നിവരാണ് അവസാന സാധ്യതാപട്ടികയിൽ. ഇതിൽ ഫോൻസേകയൊഴികെ രണ്ട് പേരും ഒരു വർഷത്തോളമായി കളിക്കളത്തിന് പുറത്താണ്.

ഇറ്റാലിയൻ ക്ലബ് എഎസ് റോമയെയാണ് ഫോൻസേക കഴിഞ്ഞ സീസണിൽ പരിശീലിപ്പിച്ചത്. ഇക്കുറി റോമ വിട്ട ഫോൻസേക ഇം​ഗ്ലീഷ് ക്ലബ് ടോട്ടനത്തിലെത്തുമെന്ന് സൂചനകൾ ശക്തമായിരുന്നു. എന്നാൽ അവസാന നിമിഷം അത് പരാജയപ്പെട്ടു. ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെയാണ് ഫാവ്റെ ഒടുവിൽ പരിശീലിപ്പിച്ചത്. ബേൺമത്തിന്റെ സ്റ്റാർ പരിശീലകനായിരുന്ന ഹൗ, 2020-ൽ ക്ലബ് പ്രീമിയർ ലീ​ഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ടതിന് പിന്നാലെ ക്ലബ് വിട്ടതാണ്.