SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മികച്ച പ്രകടനം ലക്ഷ്യമിട്ട് ന്യൂകാസിൽ യുണൈറ്റഡ്. ട്രാൻസ്ഫർ ജാലകം അടയ്ക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തിടുക്കെപ്പെട്ട് കച്ചവടം നടത്തുകയാണ് ന്യൂകാസിൽ. ഒരാഴ്ചയ്ക്കിടെ രണ്ട് മധ്യനിരതാരങ്ങളാണ് സ്റ്റീവ് ബ്രൂസിന്റെ ടീമിലെത്തിയത്.

ഓസ്ട്രിയയുടെ മധ്യനിരതാരം വാലെന്റിനോ ലസാറോയാണ് ഏറ്റവുമൊടുവിൽ ന്യൂകാസിലിലെത്തിയത്. ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന്റെ താരമായ ലസാറോ ലോണിലാണ് ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലേക്കെത്തുന്നത്. 23-കാരനായ ലസാറോ ഓസ്ട്രിയയുടെ ദേശീയ ടീമിൽ സ്ഥിരസാന്നിധ്യമാണ്. താരസമ്പന്നമായ ഇന്റർ മിലാനിൽ അവസരങ്ങൾ ഇല്ലാതായതോടെയാണ് ലസാറോ പുതിയ ക്ലബ് തേടിയത്. നേരത്തെ ഓസ്ട്രിയയിലെ റെഡ്ബുൾ സാൽസ്ബർ​ഗ്, ജർമനിയിലെ ഹെർത്ത ബെർലിൻ തുടങ്ങിയ ക്ലബുകളിലും ലസാറോ കളിച്ചിട്ടുണ്ട്.

പ്രീമിയർ ലീ​ഗിൽ തുടക്കത്തിൽ ഉഴപ്പിയ ന്യൂകാസിൽ കഴിഞ്ഞ മത്സരങ്ങളിൽ മികച്ച ഫോമിലാണ്. ചെൽസിയെ അവസാന മിനിറ്റിൽ തോൽപ്പിച്ച അവർ എവർട്ടനെതിരെ അവസാന മിനിറ്റുകളിൽ രണ്ട് ​ഗോളടിച്ച് സമനില നേടിയിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് ന്യൂകാസിൽ ട്രാൻസ്ഫർ ജലകത്തിലും ഇടപെട്ടത്. കഴിഞ്ഞ ദിവസം ടോട്ടനത്തിന്റെ മുൻ താരമായിരുന്ന നബീൽ ബെന്റലെബിനേയും ന്യൂകാസിൽ ടീമിലെത്തിച്ചു.