SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ സൂപ്പർക്ലബായ ന്യൂകാസിൽ യുണൈറ്റഡിന് പുതിയ ഉടമകളെത്തുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ ഉടമയായ മൈക്ക് ആഷ്ലി ക്ലബ് വിൽക്കുന്നതിന് ബ്രിട്ടീഷ് വ്യവസായി അമാൻഡ സ്റ്റാവ്ലെയുടെ നേതൃത്വത്തിലുള്ള ​ഗ്രൂപ്പുമായി ധാരണയിലെത്തിയെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടായേക്കും.

2007 മുതൽ ആഷ്ലിയുടെ ഉടമസ്ഥതയിലാണ് ന്യൂകാസിൽ. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി ക്ലബ് വിൽക്കാനുള്ള ആലോചനയിലായിരുന്നു ആഷ്ലി. 2017-ൽ ഇതിനായി അമാൻഡ തന്നെ ശ്രമം നടത്തിയരുന്നെങ്കിലും വിജയിച്ചില്ല. എന്നാലിപ്പോൾ ഏതാണ്ട് 310 ദശലക്ഷം യൂറോയ്ക്ക് കച്ചവടം ഉറപ്പിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. 340 ദശലക്ഷം യൂറോയായിരുന്നു നേരത്തെ ആഷ്ലി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കൊറോണ വൈറസ് വ്യാപനം ​ഗുരുതരമായതിന് പിന്നാലെ ഈ തുക കുറയ്ക്കുകയായിരുന്നു.

അതേസമയം തന്നെ യു.എ.ഇയിൽ വലിയ ബന്ധങ്ങളുള്ള അമാൻഡയ്ക്ക് പുറമെ ഇം​ഗ്ലണ്ടിൽ നിന്ന് തന്നെയുള്ള റൂബൻ സഹോദരന്മാരും ക്ലബ് ഉടമകളായ സംഘത്തിലുണ്ട്. ഇതിന് പുറമെ സൗദി അറേബ്യയിൽ നിന്നും വലിയ നിക്ഷേപമുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നേതൃത്വം നൽകുന്ന പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിൽ നിന്നാണ് ഇതിന് പണം മുടക്കുന്നത്. ക്ലബിന്റെ ഭൂരിപക്ഷം ഓഹരിയും സൗദി ​സംഘത്തിനാണെന്നാണ് സൂചന.