SHARE

ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 യിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ നേടിയത് 158/8 എന്ന ഭേദപ്പെട്ട സ്കോർ. മത്സരത്തിന്റെ ഒരു‌ഘട്ടത്തിൽ 50/4 എന്ന‌നിലയിൽ തകർന്ന ‌ന്യൂസിലൻഡിനെ 28 പന്തിൽ 50 റൺസടിച്ച കോളിൻഡി ഗ്രാൻഡ് ഹോമിന്റെ ബാറ്റിംഗാണ് ഭേദപ്പെട്ട സ്കോറിലേക്ക് കുതിക്കാൻ കരുത്തായത്. 3 വിക്കറ്റെടുത്ത ക്രുനാൽ പാണ്ട്യയാണ് ഇന്ത്യൻ ബോളിംഗിൽ തിളങ്ങിയത്.

ഓക്ക്ലൻഡിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ‌ തകർത്തടിച്ച ഓപ്പണർ ടിം സീഫർട്ടിനെ തുടക്കത്തിൽത്തന്നെ പുറത്താക്കി ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. 12 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

പവർപ്ലേയുടെ അവസാന ഓവർ എറിയാനെത്തിയ ക്രുനാൽ പാണ്ട്യ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതോടെ ന്യൂസിലൻഡ് ബാറ്റിംഗ് തകർച്ചയിലേക്ക് വീണു. കോളിൻ മൺറോയും, ഡാരിൽ മിച്ചലുമായിരുന്നു പാണ്ട്യയുടെ ആദ്യ ഓവറിൽ പുറത്തായത്. തന്റെ രണ്ടാം ഓവറിൽ മികച്ച രീതിയിൽബാറ്റ് ചെയ്ത് വരികയായിരുന്ന കിവി നായകൻ കെയിൻ വില്ല്യംസണേയും (20 റൺസ്) പാണ്ട്യ വീഴ്ത്തി.

അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന റോസ് ടെയ്ലറും, കോളിൻ ഡി ഗ്രാൻഡ് ഹോമും തകർത്തടിച്ചതോടെ ന്യൂസിലൻഡ് നഷ്ടപ്പെട്ട താളം വീണ്ടെടുത്തു. ഗ്രാൻഡ് ഹോമായിരുന്നു കൂടുതൽ അപകടകാരി. 28 പന്തിൽ ‌4 സിക്സറുകളടക്കം നേടിയ 50 റൺസോടെ താരം പുറത്താകുമ്പോൾ ന്യൂസിലൻഡ് സ്കോർ 127/5. അവസാന ഓവറുകളിൽ റോസ് ടെയ്ലറും (42 റൺസ്) മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ 158/8 എന്ന സ്കോറിലെത്തുകയായിരുന്നു.