SHARE

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ന്യൂസിലൻഡിന് 382 റൺസ് വിജയലക്ഷ്യം. ആദ്യ ഇന്നിംഗ്സിൽ 29 റൺസിന്റെ നേരിയ ലീഡ് നേടിയ സന്ദർശകർ രണ്ടാം ഇന്നിംഗ്സിൽ 352/9 എന്ന സ്കോറിൽ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരു‌ന്നു. അതേ സമയം വിജയം പിന്തുടർന്ന് ബാറ്റ് ചെയ്യുന്ന ന്യൂസിലൻഡ്, മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 38/0 എന്ന നിലയിലാണ്.

202/3 എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് 150 റൺസ് കൂടി സ്കോർബോർഡിൽ കൂട്ടിച്ചേർത്തതിന് ശേഷം തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. നാല് ബാറ്റ്സ്മാന്മാരാണ് രണ്ടാം ഇന്നിംഗ്സിൽ അവർക്ക് വേണ്ടി അർധ ശതകം തികച്ചത്. മാർക്ക് സ്റ്റോൺ മാൻ (60 റൺസ്) ജെയിംസ് വിൻസ് (76 റൺസ്), ജോ റൂട്ട് (54 റൺസ്), ദാവീദ് മലൻ (53 റൺസ്) എന്നിവർ മികച്ച രണ്ടാം ഇന്നിംഗ്സ് സ്കോർ നേടാൻ ഇംഗ്ലണ്ടിന് കരുത്തായി. ന്യൂസിലൻഡിന് വേണ്ടി കോളിൻ ഡി ഗ്രാൻഡ് ഹോം നാല് വിക്കറ്റുകൾ വീഴ്ത്തി.

വിജയ ലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്യുന്ന ന്യൂസിലൻഡിന് വേണ്ടി ഓപ്പണർമാരായ ടോം ലാഥവും (23*), ജീത് റാവലും (15*) ആണ് ക്രീസിലുള്ളത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന ടെസ്റ്റാണ് നിലവിൽ നടക്കുന്നത്. നേരത്തെ ഓക്ക്ലൻഡിൽ നടന്ന ആദ്യ ടെസ്റ്റിൽ വിജയിച്ചിരുന്ന ന്യൂസിലൻഡ് പരമ്പരയിൽ 1-0 ന് മുന്നിലാണ്.