SHARE

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് മുൻ തൂക്കം. ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാദേശിനെ 211 റൺസിൽ പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 432/6 എന്ന കൂറ്റൻ സ്കോറിൽ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. തുടർന്ന് 221 റൺസ് കടവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നാലാം ദിനം കളിഅവസാനിക്കുമ്പോൾ 80/3 എന്ന നിലയിലാണ്.

റോസ് ടെയ്ലറിന്റെ ഇരട്ട സെഞ്ചുറിയായിരുന്നു ന്യൂസിലൻഡ് ഇന്നിംഗ്സിന്റെ പ്രത്യേകത. 212 പന്തിൽ നിന്ന് 200 റൺസെടുത്ത ടെയ്ലർ, ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്‌‌. ടെയ്ലറിന് പുറമേ 107 റൺസെടുത്ത ഹെൻ റി നിക്കോൾസും, 74 റൺസെടുത്ത നായകൻ കെയിൻ വില്ല്യംസണും, ന്യൂസിലൻഡിനായി മികച്ച രീതിയിൽ ബാറ്റ് വീശി.

221 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി ഇറങ്ങിയ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സും തകർച്ചയോടെയാണ് തുടങ്ങിയത്. ഓപ്പണർ തമീംഇഖ്ബാലിന്റേയും, മൂന്നാമനായി ബാറ്റിംഗിനെത്തിയ മൊമിനുൾ ഹഖിന്റേയും വിക്കറ്റുകൾ അവർക്ക് നഷ്ടമാകുമ്പോൾ ടീം സ്കോർ 20/2. പിന്നീട് 29 റൺസെടുത്ത ഓപ്പണർ ഷദ്മാൻ ഇസ്ലാമിനേയും അവർക്ക് നഷ്ടമായി‌. നാലാം ദിനം കളി അവസാനിക്കുമ്പോൾ 25 റൺസോടെ മൊഹമ്മദ് മിഥുനും, 12 റൺസെടുത്ത സൗമ്യ സർക്കാരുമാണ് ക്രീസിലുള്ളത്.