SHARE

ക്രിക്കറ്റിലെ ബൗണ്ടറി നിയമം എടുത്തുകളയാന്‍ ഐസിസി തീരുമാനിച്ചപ്പോള്‍ ഇതല്‍പം നേരത്തെയായിരുന്നെങ്കില്‍ എന്നു ചിന്തിക്കുന്ന ഏക ടീമായിരിക്കും ന്യൂസിലാന്‍ഡ്. കാരണം സൂപ്പര്‍ ഓവറിലും സമനില തുര്‍ന്നതോടെ ബൗണ്ടറി നിയമപ്രകാരം അവര്‍ക്കു നഷ്ടപ്പെട്ടത് മറ്റൊന്നുമല്ല സാക്ഷാല്‍ ലോകകപ്പ് തന്നെയായിരുന്നു.

ഇപ്പോള്‍ സൂപ്പര്‍ ഓവറില്‍ സമനിലയായാല്‍ ഏതെങ്കിലുമൊരു ടീം മുന്നിലെത്തുന്നതുവരെ സൂപ്പര്‍ ഓവര്‍ തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ് ഐസിസി. ഇതോടെയാണ് ഐസിസിയുടെ തീരുമാനത്തെ പരിഹസിച്ച് ന്യൂസിലാന്‍ഡിന്റെ ലോകകപ്പ് ടീമിലുണ്ടായിരുന്ന ജിമ്മി നിഷാം രംഗത്തെത്തിയത്.

അടുത്ത അജന്‍ഡ ടൈറ്റാനിക്കിലെ ഐസ് സ്‌പോട്ടേഴ്‌സിന് പുതിയ ബൈനോക്കുലര്‍ നല്‍കുക എന്നതാണെന്നാണ് ജിമ്മി നിഷാം ട്വിറ്ററില്‍ കുറിച്ചത്. അതേ സമയം തീരുമാനം അല്പം വൈകിപ്പോയെന്നായിരുന്നു മുന്‍ ന്യൂസിലാന്‍ഡ് താരം ക്രെയ്ഗ് മാഗ്മില്ലന്റെ പ്രതികരണം.

പന്ത് ബാറ്റ്‌സ്മാന്റെ ദേഹത്ത് തട്ടി ബൗണ്ടറി ആയാല്‍ റണ്‍സ് അനുവദിക്കുന്ന കാര്യത്തില്‍ എന്തു മാറ്റമാണ് ഉണ്ടാവുകയെന്നും മാഗ്മില്ലന്‍ ചോദിച്ചു.ലോകകപ്പ് ഫൈനലില്‍ ഇത്തരമൊരു സംഭവം ഉണ്ടായിരുന്നു. ബെന്‍ സ്റ്റോക്‌സിന്റെ ദേഹത്തു തട്ടി ബൗണ്ടറിയായ പന്തിലാണ് റണ്‍സ് അനുവദിച്ചത്.