SHARE

യുവേഫ ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ ബാഴ്സലോണയ്ക്കെതിരെ പി.എസ്.ജി ജേഴ്സിയിൽ സൂപ്പർതാരം നെയ്മർ കളിച്ചേക്കും. പരുക്കിൽ നിന്ന് മോചിതനായ നെയ്മർ പരിശീലനം പുനരാരംഭിച്ചു. ഇന്നലെയാണ് നെയ്മർ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്തിയത്.

ഫെബ്രുവരി പത്തിന് കയിനെതിരെ നടന്ന ഫ്രഞ്ച് കപ്പ് മത്സരത്തിനിടെ നെയ്മറിന് പരുക്കേറ്റിരുന്നു. ഇതോടെ ബാഴ്സയ്ക്കെതിരായ ആദ്യ പാദമത്സരമടക്കം നെയ്മറിന് നഷ്ടമായി. ഇതോടെ ലയണൽ മെസിയും നെയ്മറും നേർക്കുനേർ വരുന്നത് കാണാൻ കാത്തിരുന്ന ആരധകർക്ക് നിരാശയായി. എന്നാലിപ്പോൾ പരിശീലനം പുനരാരംഭിച്ചതോടെ ബുധനാഴ്ച രാത്രി നടക്കുന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ നെയ്മർ കളിക്കുമെന്നുള്ള സൂചനകൾ പുറത്തുവന്നു.

ബാഴ്സയുടെ തട്ടകമായ ന്യൂകാമ്പിൽ നടന്ന ആദ്യപാദത്തിൽ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് പി.എസ്.ജി ജയിച്ചിരുന്നു. ഇതോടെ പി.എസ്.ജി അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള സാധ്യതകളാണ് കൂടുതൽ. എങ്കിലും കഴിഞ്ഞ ദിവസം സെവിയ്യക്കെതിരെ നടത്തിയ തിരിച്ചുവരവോടെ ബാഴ്സ ആരാധകർ മറ്റൊരു അത്ഭുതം കൂടി പ്രതീക്ഷിക്കുകയാണ്.