SHARE

ബ്രസീലിന് വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമെന്ന നേട്ടത്തില്‍ നെയ്മര്‍ മൂന്നാം സ്ഥാനത്ത്. 56 തവണ എതിര്‍ഗോള്‍ വല കുലുക്കിയ നെയ്മര്‍ ഇതിഹാസ താരം റൊമാരിയോയൊണ് ഇന്ന് മറികടന്നത്. കോസ്റ്റാറിക്കയ്‌ക്കെതിരെ ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തിന്റെ അവസാന നിമിഷത്തിലാണ് നെയ്മര്‍ ഗോള്‍ നേടിയത്.

87 മത്സരങ്ങള്‍ കളിച്ചാണ് നെയ്മര്‍ 56 ഗോളുകള്‍ നേടിയിരിക്കുന്നത്. റൊമാരിയോ 70 തവണ ബ്രസീലിയന്‍ ജേഴ്‌സിയില്‍ കളത്തിലിറങ്ങിയാണ് 55 ഗോളുകള്‍ സ്വന്തം പേരിലാക്കിയത്. 1987 മുതല്‍ 2005 വരെ നീണ്ടു നില്‍ക്കുന്നതായിരുന്നു റൊമാരിയുടെ കരിയര്‍. ഗോളടിയില്‍ ഇതിഹാസതാരങ്ങളായ റൊണാള്‍ഡോയും പെലെയുമാണ് നെയ്മര്‍ക്ക് മുന്നിലുള്ളത്. പെലെ 77 ഗോളുകളും റൊണാള്‍ഡോ 62 ഗോളുമാണ് സ്വന്തമാക്കിയിട്ടുള്ളത്.

ലോകകപ്പ് ഗ്രൂപ്പ് ഇയില്‍ കോസ്റ്റാറിക്കയ്‌ക്കെതിരെ നടന്ന മത്സരം വിജയിച്ച് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ബ്രസീലിന് കഴിഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ കാനറികള്‍ സമനില വഴങ്ങിയിരുന്നു. ഗ്രൂപ്പില്‍ ഇന്ന് രാത്രി 11.30ന് നടക്കുന്ന മത്സരത്തില്‍ സെര്‍ബിയ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. ആദ്യ മത്സരത്തില്‍ സെര്‍ബിയ വിജയിച്ചിരുന്നു.